കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിക്കലില്‍ ചിക്കന്‍സ്റ്റാളില്‍ ചത്ത കോഴികളെ കണ്ടെത്തിയതിനെതുടര്‍ന്ന് കടയുടെ ലൈസന്‍സ് കോര്‍പറേഷന്‍ റദ്ദാക്കി. 150 ബോക്സുകളിലായി ഉണ്ടായിരുന്ന ആയിരത്തോളം കോഴികളാണ് ചത്തത്. കടയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഇതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചത്തകോഴികളെ എത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ 18 ഹെല്‍ത്ത് സര്‍ക്കിളുകളിലും കോര്‍പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തി. 19 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കടകളില്‍ ശുചീകരണ സംവിധാനം കാര്യക്ഷമമല്ലാത്തതിനാണ് നോട്ടീസ് നല്‍കിയത്.