കോഴിക്കോട്: ആഘോഷങ്ങള്‍ക്ക് അരങ്ങൊരുക്കുന്നതാണ് സര്‍ക്കാര്‍ സംവിധാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചോറോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു നാട് മുഴുവന്‍ ഭാഗമാകുന്ന കൂട്ടായ്മയാണ് ഗ്രാമോത്സവം. സംതൃപ്തമായ ജീവിതം നയിക്കാന്‍ ഇത്തരം കൂട്ടായ്മകളും ആഘോഷങ്ങളും സഹായിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ലാത്ത നാളുകളായിരുന്നു കഴിഞ്ഞുപോയത്. എന്നാല്‍ ഇത്തവണ നമുക്ക് എല്ലാം ആഘോഷിക്കാന്‍ സാധിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷം കേരളത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒന്നാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സി.കെ നാണു മുന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കെ.കെ രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ മധുസൂദനന്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാജേഷ് പി.പി നന്ദി പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.