Thursday, June 19, 2025

ഗ്രാമീണ റോഡുകള്‍ക്ക് മുന്തിയ പരിഗണന: മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കുന്ന അദാലത്തുകള്‍ നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ ഓഫീസ് കെട്ടിട ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രണ്ടുവര്‍ഷം പൂര്‍ത്തീകരിക്കാന്‍ പോകുകയാണ്. ഒട്ടേറെ കാര്യങ്ങള്‍ ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവ പരിഹരിക്കാനുള്ള ബൃഹത് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ജനങ്ങള്‍ തുടങ്ങി എല്ലാവരും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിന്റെ ചുവടുപിടിച്ച് രൂപം നല്‍കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം കാല്‍ നൂറ്റാണ്ട് തികയുന്ന ഘട്ടമാണിത്. പ്രാദേശിക ഭരണകൂടങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസിപ്പിക്കാന്‍ സാധിച്ചതിന്റെ ഒട്ടനവധി മാതൃകകള്‍ സംസ്ഥാനത്ത് ചൂണ്ടിക്കാണിക്കാനാകും. പ്രാദേശിക പ്രത്യേകതകളേയും സാധ്യതകളെയും പരിഗണിച്ചുകൊണ്ട് പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ നിലവിലുള്ളതില്‍ രണ്ടര ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ഗ്രാമീണ റോഡുകളാണ്. ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന്റെ പ്രായോഗിക വല്‍ക്കരണത്തിന്റെ ഭാഗമായിട്ട് വന്നിട്ടുള്ള പ്രത്യേകതയാണിത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത് കാണാന്‍ സാധിക്കുകയില്ല. സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും സംഭാവനകളിലൂടെയുമുള്ള പ്രാദേശിക വിഭവ സമാഹരണത്തിന് വികേന്ദ്രീകരണം സഹായിച്ചു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത്തരത്തില്‍ അധികാര വികേന്ദ്രീകരണ പ്രക്രിയ എന്നത് നാടിനു ചേര്‍ന്ന വികസനം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സഹായകമായി മാറിക്കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് മറ്റേത് സംസ്ഥാനങ്ങളെക്കാളും കൂടുതല്‍ വികസന ഫണ്ട് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഗൗരവമായ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടി കുറച്ചിട്ടില്ല. സ്വതന്ത്രമായി വിനിയോഗിക്കാവുന്ന പണം താഴെത്തട്ടിലേക്ക് വിന്യസിച്ചു കഴിഞ്ഞു എന്നുള്ളതാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ ആവിര്‍ഭാവവും വളര്‍ച്ചയുമാണ് മറ്റൊരു നേട്ടം. ഇന്ന് കേരളത്തിലെ പകുതിയില്‍ അധികം കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിട്ട പ്രകൃതി ദുരന്തങ്ങള്‍, മഹാമാരി എന്നിവയെ മറികടന്നതില്‍ വലിയ പങ്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ.കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ മുഖ്യാതിഥിയായി.
മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് വിശദീകരണം നടത്തി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ഒ ദിനേശന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രസാദ് പി ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍ കെ ആര്‍ ബിജു സ്വാഗതവും മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത്ത് ടി വി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img