മുംബൈ : മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനക്ക് (എ.ടി.എസ്) കൈമാറി ബോംബെ ഹൈകോടതി ഉത്തരവ്. പന്‍സാരെയുടെ മകള്‍ സ്മിത, മരുമകള്‍ മേഘ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിധി. മഹാരാഷ്ട്ര സി.ഐ.ഡിയുടെ പ്രത്യേക സംഘമാണ് (എസ്.ഐ.ടി ) കേസ് ഇതുവരെ അന്വേഷിച്ചത്.
കൊലപാതകം നടന്ന് ഏഴുവര്‍ഷം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് അന്വേഷണം എ.ടി.എസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹരജി നല്‍കിയത്. എസ്.ഐ.ടി അന്വേഷണത്തില്‍ ബന്ധുക്കള്‍ തൃപ്തരല്ലെന്നിരിക്കെ കേസ് എ.ടി.എസിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അശോക് മുന്ദര്‍ഗി അറിയിച്ചതോടെയാണ് കോടതി ഉത്തരവ്. 2019 ല്‍ നല്ലസൊപ്പാര ആയുധ വേട്ടകേസ് അന്വേഷിക്കെ എ.ടി.എസാണ് ഡോ. നരേന്ദ്ര ദാബോല്‍കര്‍ വധക്കേസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരെ അറസ്റ്റ് ചെയ്തത്.