കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്സെ സൗദിയിലേക്കെന്ന് റിപ്പോര്‍ട്ട്. മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്കും, അവിടെ നിന്ന് സൗദി അറേബ്യയിലേക്കുമാണ് ഗൊതബയയുടെ യാത്രയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി എയര്‍ലൈന്‍സിലാണ് ഗൊതബയയുടെയും ഭാര്യയുടെയും യാത്രയെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു ഗൊതബയ മാലിദ്വീപിലെ ഒരു റിസോര്‍ട്ടില്‍ അഭയം പ്രാപിച്ചത്. അവിടെയും പ്രതിഷേധം ശക്തമായതോടെയാണ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. ഗൊതബയ അടങ്ങുന്ന സംഘം സിംഗപ്പൂരില്‍ നിന്ന് ജിദ്ദയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ജൂലൈ 20 ന് പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പ്രസിഡന്റായി തുടരും. ജൂലൈ 19 നാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത്.
അതേസമയം, ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ യുകെ, സിംഗപ്പൂര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നിനാല്‍ മരുന്നുകള്‍, പാചക വാതകം, ഇന്ധനം, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ക്ഷാമത്തിലേക്ക് നയിച്ചിരിക്കുകയാണ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രസിഡന്റ് ഗോതബയ രാജപക്സെ നാടുവിട്ടിരുന്നു.
സമാധാനപരവും ജനാധിപത്യപരവുമായ നീക്കള്‍ക്കായി വിട്ടുവീഴ്ച ചെയ്യാന്‍ ശ്രീലങ്കയിലെ എല്ലാ പാര്‍ട്ടി നേതാക്കളോടും യുഎന്‍ ചീഫ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.’ഞാന്‍ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്,പ്രതിഷേധക്കാരുടെ പരാതികള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്. സമാധാനപരവും ജനാധിപത്യപരവുമായ പരിവര്‍ത്തനത്തിനായി വിട്ടുവീഴ്ചയുടെ മനോഭാവം സ്വീകരിക്കാന്‍ ഞാന്‍ എല്ലാ പാര്‍ട്ടി നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു