അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആര്‍ഐയുടെ വന്‍ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളില്‍ കടത്താന്‍ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളില്‍ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. ഈ മാസം 4 ന് സൂറത്തില്‍ വച്ച് ഒരു ട്രക്കില്‍ കടത്തുകയായിരുന്ന 20 കോടിയുടെ ഇ-സിഗരറ്റുകളും ഡിആര്‍ഐ പിടികൂടിയിരുന്നു. 2019 ല്‍ രാജ്യത്ത് ഇ-സിഗരറ്റ് സമ്പൂര്‍ണമായി നിരോധിച്ചതാണ്.
അതേസമയം കോഴിക്കോട് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരില്‍ അറിയപ്പെടുന്ന കുന്നത്ത് പടിക്കല്‍ ബിനേഷ് (37) ആണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതിയില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.