മലപ്പുറം: ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെ മലപ്പുറത്തും കോഴിക്കോട്ടും ചേര്‍ന്ന കോറി ഉടമകളുടെ യോഗം സ്വാഗതം ചെയ്തു. ദൂരപരിധി 200 മീറ്റര്‍ നിജപ്പെടുത്തിക്കൊണ്ടുള്ള നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്റെ തീരുമാനം, സുപ്രിം കോടതിയുടെ പുതിയ വിധിയനുസരിച്ച് ഒട്ടും നിലനില്‍ക്കുകയില്ലെന്ന് വിധിപ്പകര്‍പ്പു അവതരിപ്പിച്ചു കൊണ്ട് നിയമ വിശാരദന്മാര്‍ വ്യക്തമാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. കോറികളുടെ ദൂരപരിധി ഇനി മുതല്‍ 50 മീറ്റര്‍ മാത്രമായിരിക്കും.
50 മീറ്റര്‍ ദൂരപരിധിയില്‍ കെട്ടികിടക്കുന്ന അപേക്ഷകളിലെല്ലാം തീരുമാനമെടുക്കാനും ലീസും പെര്‍മിറ്റും അനുവദിച്ചു കിട്ടുന്നതിന് സര്‍ക്കാറില്‍ സമര്‍പ്പിച്ച അപേക്ഷയുടെ തുടര്‍നടപടികള്‍ക്കു വേണ്ടി ഭിന്ന സ്വരങ്ങളില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു.
എതിര്‍ കക്ഷികളില്‍ ആരെങ്കിലും എന്‍ ജി ടി യില്‍ പുതിയ കേസുമായി പോയാലും ഭയക്കേണ്ടതില്ലെന്നും അങ്ങനെ സംഭവിക്കുന്ന പക്ഷം നിയമ പോരാട്ടങ്ങള്‍ക്ക് സംഘടന സജ്ജമാണെന്നും ക്രഷര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. ക്വാറി ഇ സി ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. എം. കോയാമുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജില്ലാ സെക്രട്ടറി അഡ്വ: ഖാദര്‍ കണ്ണേത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് യു. സഈദ് വിഷയം അവതരിപ്പിച്ചു. ബിജു വര്‍ഗ്ഗീസ്, ടി. ടി. ഗഫൂര്‍, എം. ഇ. മോഹന്‍, റസാഖ് പട്ടക്കല്‍ സംസാരിച്ചു. അരഞ്ഞിക്കല്‍ ജമാല്‍ നന്ദി പറഞ്ഞു.
കോഴിക്കോട് അളകാപുരിയില്‍ ചേര്‍ന്ന അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. നിര്‍മ്മാണ വസ്തുക്കളില്‍ കമ്പിക്കും സിമന്റിനും അടക്കം 50 ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടും അതിനൊന്നും നിയന്ത്രണം ഏര്‍പ്പെടുത്താതെ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കു മാത്രം വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ അധികൃത നിലപാടില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ക്വാറി, ക്രഷര്‍ വ്യവസായത്തിന് അനിവാര്യമായ ഡീസല്‍ അടക്കമുള്ള സര്‍വതിനും വില വര്‍ധിച്ച സാഹചര്യത്തില്‍ ഉല്‍പ്പന്നത്തിന്റെ വില കൂട്ടുകയല്ലാതെ നിവര്‍ത്തിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
സ്‌മൈല്‍ ആന്റോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു ജനറല്‍ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ ചീക്കിലോട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് യു. സഈദ് ഉദ്ഘാടനം ചെയ്തു.
ക്വാറിക്കാരെ രണ്ടു കുറ്റം പറഞ്ഞാലെ മറ്റുള്ളവര്‍ സന്തോഷിക്കുകയുള്ളു എന്നൊരു മനസികാവസ്ഥയിലാണ് നമ്മുടെ പല ജനപ്രതിനിധികള്‍ പോലും എന്ന ഖേദകരമായ അവസ്ഥയുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവെ യു. സഈദ് അഭിപ്രായപ്പെട്ടു. ഇ സി ഹോള്‍ഡേഴ്സ് എന്ന സംഘടന രൂപവത് കരിച്ചത് ആര്‍ക്കെങ്കിലുമിടയില്‍ വിഭാഗീയത ഉണ്ടാക്കാനോ ആരെയെങ്കിലും തകര്‍ക്കാനോ അല്ല. നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും അവകാശങ്ങള്‍ക്കു വേണ്ടി പൊരുതാനുമാണ്. അതിന് ഒരു മനസ്സായി ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും അങ്ങനെ നിന്ന എല്ലാ പോരാട്ടങ്ങളിലും ഫലങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ. കെ. ഡേവിസണ്‍, പി. കെ. അബ്ദുല്‍ റസാഖ്, റസാഖ് കത്തിങ്കല്‍ തിരുവനന്തപുരം, ഇസ്മാഈല്‍ ആനപ്പാറ സംസാരിച്ചു. അബ്ദുല്ലക്കോയ തങ്ങള്‍ നന്ദി പറഞ്ഞു.