ദുബൈ: പ്രവാസ ലോകത്തും കോല്‍ക്കളിയില്‍ വിജയികള്‍ എടരിക്കോട് തന്നെ. യൂത്ത് ഇന്ത്യ ഇസ്സ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച കോല്‍ക്കളി മത്സരത്തിലാണ് ദുബൈയിലെ എടരിക്കോട് കോല്‍ക്കളി ടീം ഒന്നാം സ്ഥാനം നേടിയത്.
കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിരവധി തവണ കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയവരാണ് എടരിക്കോട്. യൂത്ത് ഇന്ത്യ ഇസ്സ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മാപ്പിളപ്പൊലിവ് സെഷനില്‍ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കോല്‍ക്കളി.
ടി. പി. ആലിക്കുട്ടി ഗുരുകള്‍ എഴുതിയ ആരാണ് ലോക ഏക വസീല വസീല… എന്ന് തുടങ്ങുന്ന ഗാനവുമായി വട്ടപ്പാട്ടില്‍ കോല്‍ അടിച്ചു തുടങ്ങിയ സംഘം മുന്നോട്ടോയ്ക്കല്‍ 3, 15 പൂട്ടില്‍ നാല് ഒറ്റ, നിലപൂട്ട്, ഒഴിച്ചടിമുട്ട് മൂന്ന് തുടങ്ങിയ കളികള്‍ മനോഹരമായി അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
ഷബീബ് എടരിക്കോട്, ജലീല്‍ വി കെ എന്നിവരുടെ നേതൃത്വത്തില്‍ ഫവാസ് മുണ്ടശ്ശേരി, ഗഫൂര്‍ മണമ്മല്‍, ശിഹാബ് പി , അനസ് ടി. ടി, മഹറൂഫ് എ. ടി, അബ്ദുല്‍ മുനീസ്, മുഹമ്മദ് അജ്മല്‍ എം. പി, ആസിഫ് റഹ്മാന്‍, മാഹിര്‍, അഫ്‌സല്‍ പതിയില്‍, റിസ് വാന്‍, ശാസ് ജുനൈദ് എന്നിവരാണ് കളി അവതരിപ്പിച്ചത്. അസീസ് മണമ്മലാണ് പരിശീലകന്‍.