കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ കല്ലായി പുഴ നികത്തി ശുചി മുറി മാലിന്യ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ ഹരിത ട്രിബ്യൂണലിനെ സമീപിക്കുമെന്ന് കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി . പുഴ നികത്തിയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പുഴ തീരങ്ങള്‍ റവന്യൂ ഭൂമിയാണെങ്കിലും സി.ആര്‍ സെഡ് നിയമപ്രകാരം കര്‍ശന നിയന്ത്രണമുള്ള മേഖലയാണ്. കണ്ടല്‍വനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന പ്രദേശത്ത് പദ്ധതി അടിച്ചേല്‍പിക്കരുത്. പകരം അനുയോജ്യമായ മറ്റൊരു സ്ഥലം അധികാരികള്‍ കണ്ടെത്തണമെന്നും പുഴ സംരക്ഷണ ഏകോപനസമിതി ആവശ്യപ്പെട്ടു. സമിതി പ്രവര്‍ത്തകര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സമിതി അംഗങ്ങള്‍ പ്ലാന്റിനെതിരെയുള്ള ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി. പുഴസംരക്ഷണ ഏകോപന സമിതി ജനറല്‍ സെക്രട്ടറിയും, ജനകീയ പ്രതിരോധ സമിതി ചെയര്‍മാനുമായ ഫൈസല്‍ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് ടി.കെ.എ. അസീസ്, ജനകീയ പ്രതിരോധ സമിതി ജനറല്‍ കണ്‍വീനര്‍ എം.പി.സിദീഖ്, കെ.സി. ശ്രീധരന്‍, പി. കോയ, കെ.പി.സലീം ബാബു, അനൂപ് കെ അര്‍ജുന്‍, പ്രശാന്ത് കളത്തിങ്കല്‍ പി.പി. ഉമ്മര്‍കോയ എന്നിവര്‍ പ്രസംഗിച്ചു.