Thursday, June 19, 2025

കൊതുകിനെതിരെ കുരിശുയുദ്ധം നടത്തിയ പൊതുപ്രവര്‍ത്തകന്‍

Must Read

കോഴിക്കോട്: അധികാര മണമ്മല്‍ കറപ്പിന്‍ എന്ന എ.എം കറപ്പന് വിചാരിക്കുന്നതുപോലെ വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സമൂഹത്തിന് നല്ലതു ചെയ്യാന്‍ അധികാരത്തിന്റെ ആവശ്യമില്ല എന്ന പക്ഷക്കാരനായിരുന്നു ഇന്നലെ അന്തരിച്ച കറപ്പന്‍. ഹാസ്യ സാമ്രാട്ട് സഞ്ജയന്‍ വരെ തോറ്റുപോയ കോഴിക്കോട്ടെ പരശ്ശതം കൊതുകുകളോടാണ് കറപ്പന്‍ യുദ്ധം പ്രഖ്യാപിച്ചത്. കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് കറപ്പന്‍ ജനങ്ങളെ പഠിപ്പിച്ചു. ഇതിനായി ബോധവല്‍ക്കരണം നടത്തി. സ്വന്തം കീശയിലെ പണമെടുത്ത് കൊതുകുവിരുദ്ധ പ്രചാരണം നടത്താനും മടിച്ചില്ല. കൊതുകു നിര്‍മാര്‍ജ്ജന സമിതിക്ക് രൂപം നല്‍കി. കൊതുകിനെ ഓടിക്കാന്‍ ഓരോ കുടുംബവും ഓരോ വ്യക്തിയും എന്തെല്ലാം ചെയ്യണമെന്ന് കറപ്പന്‍ പറയുമായിരുന്നു. നടക്കാവിലെ വീട്ടില്‍ എത്തുന്നവരോടും ഇക്കാര്യം ഉണര്‍ത്തിക്കും.

മലപ്പുറം ജില്ലയിലെ നെടുവ എന്ന ഗ്രാമത്തിലാണ് കറപ്പന്റെ ജനനം. ഒമ്പതാം വയസ്സില്‍ കുടുംബം കോഴിക്കോട്ടേക്ക് പറിച്ചുനടപ്പെട്ടു. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് മൈസൂര്‍ രാജാവിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ജയിലിലായി.

തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടി. മത്തായി മാഞ്ഞൂരാന്റെ കൂടെയായിരുന്നു. എന്നാല്‍ അദ്ദേഹത്തോടുളള ആശയപരമായ എതിര്‍പ്പ് കാരണം കെ.എസ്.പി വിട്ടു. പിന്നെ ആര്‍.എസ്.പിയില്‍ ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി അംഗം വരെയായി. 1958ഓടെ ഇതും അവസാനിച്ചു. പിന്നെ പാര്‍ട്ടിയിലൊന്നും പ്രവര്‍ത്തിച്ചില്ല.

1960ലാണ് മാങ്കാവില്‍ ന്യൂ ടിമ്പര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനം തുടങ്ങുന്നത്. കല്ലായി മരവ്യവസായ മേഖല പ്രതാപത്തോടെ ഇരിക്കുന്ന കാലത്തും തകര്‍ച്ചയുടെ വഴിയിലും കറപ്പന്‍ അവിടെയുണ്ടായിരുന്നു. മരവ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്താനും ശ്രദ്ധിച്ചിരുന്നു. ഏതായാലും കൊതുകിനെ തുരത്താനുള്ള യത്നമായിരുന്നു കറപ്പന്റെ ജീവിതവ്രതം. 1998 ഏപ്രില്‍ അഞ്ചിന് അളകാപുരിയില്‍ കൊതുകു നിര്‍മാര്‍ജ്ജന സമിതി വിളിച്ചു ചേര്‍ത്താണ് കറപ്പന്‍ തന്റെ യത്നത്തിന് നഗരവാസികളുടെ സഹായം തേടിയത്. പിന്നീട് നഗരസഭയും കറപ്പന്റെ പോരാട്ടത്തെ അംഗീകരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img