കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ചതൊന്നും കോഴിക്കോടിന് ലഭിച്ചില്ല. കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആക്കം കൂട്ടുന്നുണ്ടെങ്കിലും കേന്ദ്രം ഇവിടേക്ക് എയിംസ് അനുവദിച്ചില്ല എന്നത് ജില്ലയുടെ ആരോഗ്യമേഖലയിലെ വികസനത്തിന് തിരിച്ചടിയായി. കിനാലൂരില്‍ വ്യവസായവകുപ്പിന്റെ 140 ഏക്കര് ഭുമിയാണ് എയിംസിനായി കണ്ടെത്തിയിരുന്നത്. ബാക്കി 60 ഏക്കര്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കാനായിരുന്നു തീരുമാനം. വര്‍ഷങ്ങളായി എയിംസിനായി കാത്തിരിക്കുകയാണ്. ഇത്തവണയും നിരാശയായി ഫലം.
ചാലിയത്തെ നിര്‍ദേശ് പദ്ധതിക്കും ബജറ്റില്‍ നീക്കിയിരിപ്പില്ല. പത്ത് വര്‍ഷത്തിലേറെയായി ചാലിയത്ത് യുദ്ധക്കപ്പല്‍ രൂപകല്‍പനാ കേന്ദ്രത്തിനായി കാത്തിരിപ്പ് തുടരുകയാണ്. ഇവിടെ സ്ഥലമുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. എ.കെ ആന്റണി പ്രതിരോധ മന്ത്രിയാവുന്ന കാലത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇത്തവണയും ബജറ്റില്‍ പദ്ധതിക്കായി ഒന്നും മാറ്റിവെച്ചിട്ടില്ല.ഇവിടെ ടൂറിസ്റ്റ്
പദ്ധതി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ സ്ഥലം കേന്ദ്ര സര്‍ക്കാറില്‍ നിന്ന് വിട്ടുകിട്ടേണ്ടതുണ്ട്. ബേപ്പൂര്‍ തുറമുഖത്തെയും ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാഗര്‍മാല വികസന പദ്ധതിയും ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല.
രോഗപ്രതിരോധ രംഗത്തിന് മതിയായ തുക വിലയിരുത്താത്തത് ആശങ്കാജനകമാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.കാര്‍ഷിക സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും വിനയാവും. അതേസമയ, 400 വന്ദേമാതരം ട്രെയിനുകള്‍ അനുവദിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. 2000 കിലോമീറ്റര്‍ പാത നവീകരണവും ആശ്വാസം നല്‍കുന്നതാണ്. കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശവും സ്വാഗതം ചെയ്യപ്പെടുന്നു.