കോഴിക്കോട്: സൗജന്യങ്ങള്‍ നിര്‍ത്തലാക്കി പൊതുവിതരണ രംഗത്തെ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആര് അനില്‍. മണ്ണെണ്ണ വിഹിതത്തില്‍ കുറവ് വരുത്തിയതിന് പിന്നാലെ ഗോതമ്പ് വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് കേരളത്തില്‍ മുന്‍ഗണനേതര വിഭാഗത്തിന് നല്കി വന്നിരുന്ന ഗോതമ്പ് വിതരണം പൂര്‍ണ്ണമായും നിലയ്ക്കാന്‍ ഇടയാക്കും. കേരളാ സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന് (കെ.സി.എസ.്ഒ.എഫ്) പത്താം സംസ്ഥാന സമ്മേളനം എസ് കെ പൊറ്റെക്കാട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബിനില്‍ കുമാര്‍ ടി ആര് അധ്യക്ഷത വഹിച്ചു.
‘ഭക്ഷ്യ സുരക്ഷ ഭക്ഷ്യ ഭദ്രത സംയോജനത്തിന്റെ ആവശ്യകതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് കെ ഷാനവാസ് ഖാന് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ടി ആര് ബിനില്‍ കുമാര്‍ (പ്രസിഡന്റ്), കെ എസ് സതീഷ് കുമാര്‍, ജി ഗിരീഷ് ചന്ദ്രന്, പി ആര് റോഷന് (വൈസ് പ്രസിഡന്റുമാര്‍), ആര് രാജീവ് കുമാര്‍ (ജനറല്‍ സെക്രട്ടറി), ജി ബീനാ ഭദ്രന്, കെ വിനോദ്, ആര് വി സതീഷ് കുമാര്‍ (സെക്രട്ടറിമാര്‍), എസ് സജികുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.