കോഴിക്കോട്: കേരളത്തില്‍ നടപ്പാക്കാന്‍ പോവുന്ന കെ. റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. കാട്ടിലെപീടികയില്‍ കെ. റെയില്‍ വിരുദ്ധസമിതി നടത്തിയ പ്രക്ഷോഭപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ഇല്ലാതാക്കുന്ന പദ്ധതിയാണിത്. ഒരു ലക്ഷം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും. അവരുടെ തൊഴില്‍, വീട്, ്ജീവിതസാഹചര്യം എന്നിവ ഇല്ലാതാകും. ഇവര്‍ക്ക് ആവശ്യമായ പുനരധിവാസം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കില്ല. കെ. റെയിലിന് പകരം ഇന്ത്യന്‍ റെയില്‍വേയെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ചൈനയും സിംഗപൂരും മലേഷ്യയും ഉപേക്ഷിച്ച പദ്ധതിയാണ് കേരളം ഏറ്റെടുക്കാന്‍ പോവുന്നത്. ഇതിന്റെ പരിസ്ഥിതി ആഘാത പഠനമോ സാമൂഹിക ആഘാതപഠനമോ നടത്തിയിട്ടില്ല. മേധാപട്കര്‍ പറഞ്ഞു. പദ്ധതിക്കെതിരെ നടത്തുന്ന സമരത്തെ രാഷ്ട്രീയമായി കാണരുത്. ഇത് പാവപ്പെട്ട ജനങ്ങളുടെ അതിജീവനത്തിന്റെ രാഷ്ട്രീയം മാത്രമാണ്.
36 വര്‍ഷക്കാലം നര്‍മ്മദ പദ്ധതിക്കെതിരെ സമരം നടത്തിയത് എന്തെങ്കിലും പ്രതിഫലമോ പുരസ്‌കാരമോ പ്രതീക്ഷിച്ചല്ല. അവര്‍ പറഞ്ഞു.
പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചുനിര്‍ത്തുന്നതിനായി മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ അംഗീകരിക്കുന്നതിന് പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് പിന്നാലെ പോവുന്ന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. കെ. റെയില്‍ പദ്ധതി വരുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതികാഘാതങ്ങളും പ്രധാനപ്പെട്ടതാണ്. കേരളം വെള്ളപ്പൊക്ക സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ്. മനോഹരമായ പ്രകൃതി സൗന്ദര്യമുള്ള കേരളം പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള ഉരുള്‍ പൊട്ടലുകള്‍ക്ക് നിരന്തരം ഇരയാകുന്നു. അതിന്റെ പ്രധാന കാരണം അടുത്ത തലമുറകളെ വരെ സ്വാധീനിക്കാവുന്ന തരത്തില്‍ പ്രവചന സ്വഭാവമുള്ള മാധവ് ഗാഡ്ഗില്‍ ശുപാര്‍ശകള്‍ സ്വീകരിക്കാത്തതാണ്. ശേഷം വന്ന കസ്തൂരി രംഗന്‍ സമിതിയുടേത് ദുര്‍ബലമായ ശുപാര്‍ശകളായിരുന്നു. എന്തിനാണ് പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തതു പോലെ ഗാഡ്ഗിലിനെ അവഗണിക്കുകയും കസ്തൂരി രംഗന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുകയും ചെയ്തത്? ഇതാണ് വലിയ ഗൂഢാലോചന. മേധാ പട്കര്‍ പറഞ്ഞു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ നമ്മള്‍ ഗാഡ്ഗില്‍ ശുപാര്‍ശകളെ പിന്തുണക്കണം. അത് തയ്യാറാക്കിയത് വിവിധ മതവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രം ശേഖരിച്ചല്ല, ഗ്രാമസഭകളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ്. നോം ചോംസ്‌കി അമേരിക്കന്‍ സാഹചര്യത്തില്‍ പറഞ്ഞത് പോലെ ലാഭക്കണക്കുകളാണ് ഇപ്പോള്‍ കേരളത്തില്‍ ജനതാല്പര്യത്തിന് മുകളില്‍ പ്രതിഷ്ഠിക്കപ്പെടുന്നത്.അവര്‍ ചൂണ്ടിക്കാട്ടി.
സി.ആര്‍ നീലകണ്ഠന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ടി.ടി ഇസ്മായില്‍, കെ. മൂസക്കോയ, എം.പി ബാബുരാജ്, എസ്. രാജീവ്, വിജയകൃഷ്ണന്‍ പ്രസംഗിച്ചു.