തിരുവനന്തപുരം: മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് വിദേശഭരണാധികാരിക്ക് കത്തുനല്‍കിയ മുന്‍മന്ത്രി കെ.ടി.ജലീലിനെതിരേ നടപടി ആവശ്യപ്പെട്ട് മാധ്യമം ചീഫ് എഡിറ്റര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരവസ്ഥ തുറന്ന് കാട്ടിയ മാധ്യമത്തിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദേശഭരണാധികാരിക്ക് കത്തു നല്‍കിയ ജലീലീന്റെ നടപടി തികച്ചും വേദനാജനകമാണ്.മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യസംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേല്പിക്കുന്ന ജലീലിന്റെ പ്രവര്‍ത്തിയില്‍ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.
കോവിഡ് രൂക്ഷമായപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള പ്രവാസി മലയാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റപ്പോള്‍ അവരുടെ ആധിയും ആശങ്കയും അകറ്റി പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുന്നില്‍ കണ്ട് വേറിട്ട രീതിയില്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ് 2020ജൂണ്‍ 24ന് മാധ്യമം പത്രം ചെയ്തത്.ആ വാര്‍ത്ത മുന്‍നിര്‍ത്തി അങ്ങയുടെ മന്ത്രി സഭാംഗം കെ.ടി ജലീല്‍ മാധ്യമത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ ഭരണാധികാരികള്‍ക്ക് കത്തെഴുതിയ നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്.കേന്ദ്ര വിദേശകാര്യ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തെഴുതി എന്നത് പ്രോട്ടോക്കോള്‍ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്.ഇത്തരം വഴിവിട്ട ചെയ്തികളെ ഇടത് ഭരണസംവിധാനത്തിന് അംഗീകരിക്കാനാവില്ലെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ചീഫ് എഡിറ്റര്‍ കത്തില്‍ പറഞ്ഞു.
എന്നാല്‍ ജലീല്‍ കത്തയച്ചത് താനറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.വിഷയം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.