തിരുവനന്തപുരം :സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനതയില്‍ പ്രതിഷേധിച്ച് കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ സംഘടനയായ കെ.ജി.പിഎസ്.എച്ച്.എ ഒക്ടോബര്‍ മൂന്നിന് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും.
സംസ്ഥാനത്ത് 2021 ഒക്ടോബര്‍ മുതല്‍ നിയമിതരായ 2300 ലധികം പ്രധാനാധ്യാപകര്‍ക്ക് അവകാശപ്പെട്ട ശമ്പളസ്‌കെയില്‍ അനുവദിക്കുകയോ ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.അടിയന്തിര സാഹചര്യത്തില്‍ യോഗ്യത പരിഗണിക്കാതെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കപ്പെടുന്ന പ്രഥമാധ്യാപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഒരു പ്രൈമറി അധ്യാപകന് സര്‍വീസ് കാലഘട്ടത്തില്‍ ലഭിക്കുന്ന ഏക സ്ഥാനക്കയറ്റം പ്രഥമാധ്യാപക തസ്തികയാണ്.ഒരു പ്രൈമറി ക്ലാസിന്റെ പൂര്‍ണ്ണ ചുമതല വഹിക്കുന്ന പ്രഥമാധ്യാപകന്‍ തന്നെ ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം പഞ്ചായത്തിന്റെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്റെ അധിക ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുന്നുണ്ട്.
ഈ അധിക ജോലിഭാരത്തിന് പുറമേയാണ് ഉച്ചഭക്ഷണ വിതരണത്തിന്റെ മാനസികസമ്മര്‍ദ്ദവും പ്രൈമറി പ്രധാനാധ്യാപകര്‍ അനുഭവിക്കേണ്ടി വരുന്നത്.ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ പലചരക്ക സാധനങ്ങള്‍ വാങ്ങി ഉച്ചഭക്ഷണം തയ്യാറാക്കലുംവിതരണം ചെയ്യലും മുതല്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യല്‍ വരെ പ്രഥമാധ്യാപകന്റെ ചുമതലയാണ്.2016 ല്‍ അംഗീകരിച്ച നിരക്കിലാണ് ആറുവര്‍ഷത്തിന് ശേഷവും ഉച്ചഭക്ഷണ പദ്ധതി വിഹിതം ലഭിക്കുന്നത്.2016 ല്‍ 650 രൂപ വിലയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇന്ന്2100 രൂപയാണ് കൊടുക്കേണ്ടി വരുന്നത്.കാലാകാലങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വരുന്ന വിലക്കയറ്റം പ്രധാനാധ്യാപകന്റെ ബാധ്യതയാണ്.ക്ലാസ് ചാര്‍ജ്,ഹെഡ്മാസ്റ്ററുടെ ചാര്‍ജ്,പഞ്ചായത്തിലെ പദ്ധതി നിര്‍വഹണം എന്നിവയ്‌ക്കെല്ലാം പുറമേയാണ് ഉച്ചഭക്ഷണത്തിന്റെ അധിക ബാധ്യതയും പ്രധാനാധ്യാപകര്‍ ഏറ്റെടുക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന് വിഘാതമായി നില്‍ക്കുന്ന ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. പഞ്ചായത്ത് തല വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാനും ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍വഹിക്കാനും പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസര്‍ എന്ന തസ്തിക സൃഷ്ടിച്ച് പ്രധാനാധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക, ഉച്ചഭക്ഷണവിതരണച്ചുമതല പ്രധാനാധ്യാപകരില്‍ നിന്ന് എടുത്തുമാറ്റി സ്‌കൂളുകളില്‍ സമൂഹ അടുക്കള കുടുംബശ്രീ പോലുള്ള ഏജന്‍സികളെ ഏല്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച പ്രത്യക്ഷസമരത്തിലേയ്ക്ക് നീങ്ങുന്നതെന്ന് കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മധുസൂദനന്‍,പ്രസിഡന്റ് ഇസ്മയില്‍ ഇ.ടി.കെ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.