കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തി ഒരു മാസത്തിനകം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയുന്നു.
മദ്രാസ് ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധസംഘം പരിശോധിച്ചശേഷം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി സ്വീകരിക്കുക. സാങ്കേതിക വിഷയങ്ങള്‍ അടുത്ത ആഴ്ച വിശദമായി ചര്‍ച്ച ചെയ്യും. 18 തൂണുകള്‍ ബലപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഓരോ തൂണുകളിലെയും വിള്ളല്‍ അടയ്ക്കണം. സിമന്റും മിശ്രിതങ്ങളും ചേര്‍ത്ത് തൂണിലുള്ളിലേക്ക് ഒഴിക്കേണ്ടിവരും. ബലപ്പെടുത്തല്‍ പ്രവൃത്തിക്ക് 15 മുതല്‍ 20 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. തൂണുകളുടെ കോണ്‍ക്രീറ്റും കമ്പികളുടെ ഉറപ്പുമെല്ലാം വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 18 മുതല്‍ 20 മീറ്റര്‍ വരെ താഴ്ചയിലാണ് പൈലിങ്. ബലപ്പെടുത്തുമ്പോള്‍ പൈലിങ്ങിന് അത് താങ്ങാന്‍ ശേഷിയുണ്ടോ എന്നാണ് പരിശോധിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിദഗ്ധ പരിശോധന നടത്താന്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചത്. പരിശോധന നടത്താന്‍ താമസം നേരിടുകയായിരുന്നു. ഐ.ഐ.ടിയിലെ വിദഗ്ധര്‍ക്ക് പുറമെ സര്‍ക്കാര്‍ തലത്തിലുള്ള സമിതിയും പരിശോധന നടത്തിയിരുന്നു. ഗൗരവമായ ബലക്ഷയം ഇല്ലെന്നായിരുന്നു അവരുടെ നിഗമനം. എന്നാല്‍ ഐ.ഐ.ടിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പണി നടത്തുന്നത്. സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്തതിനുശേഷം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.