കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ബലപ്പെടുത്തുന്ന ജോലി അടുത്തമാസം ആരംഭിക്കുമെന്ന് സൂചന. കെട്ടിടസമുച്ചയത്തിന്റെ ബലപ്പെടുത്തല്‍ താമസം കൂടാതെ നടത്തണമെന്നാണ് വിദഗ്ധര്‍ നല്‍കിയ നിര്‍ദേശം. ഇതിനായി 25 മുതല്‍ 30 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ചെന്നൈ ഐ.ഐ.ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതനുസരിച്ച കെ.ടി.ഡി.എഫ്.സി ശിപാര്‍ശ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. 29ന് മുമ്പ് ഐ.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുകൂടി ലഭിച്ചശേഷമായിരിക്കും തുടര്‍നടപടിയുണ്ടാവുക. ടെര്‍മിനലിന് ബലക്ഷയം വന്നതായി മാസങ്ങള്‍ക്ക് മുമ്പേ വ്യക്തമായിരുന്നു.
14 നിലയുള്ള കെട്ടിടത്തിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നാണ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ കണ്ടെത്തിയത്. സ്റ്റീല്‍പാളികളും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് ബലപ്പെടുത്തേണ്ടത്. ഐ.ഐ.ടി റിപ്പോര്‍ട്ടിന് പുറമെ കേരളത്തിലെ വിദഗ്ധരും ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ബലപ്പെടുത്താന്‍ തീരുമാനമായത്.
ഇതിനുള്ള ചെലവ് കൃത്യമായി തയാറാക്കാനും ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 90 ശതമാനം തൂണുകള്‍ക്കും ബലക്ഷയം ഉണ്ടെന്നാണ് ഐ.ഐ.ടിയിലെ പ്രഫ. അളകസുന്ദര മൂര്‍ത്തി പറഞ്ഞിരുന്നത്. ആദ്യം അത്തരത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചംഗങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതി ഇത് തള്ളുകയായിരുന്നു. 25 ശതമാനം തൂണുകള്‍ ബലപ്പെടുത്തിയാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. ഇത് അംഗീകരിക്കാന്‍ ഐ.ഐ.ടി സംഘം തയാരായിരുന്നില്ല. പിന്നീട് രണ്ടു കൂട്ടരും ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തുകയായിരുന്നു.