കോഴിക്കോട്: കോര്‍പറേഷനില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്കിയ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ സിറ്റി ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഒന്നരമാസമായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താത്തിനാല് ഒന്നും നടന്നിരുന്നില്ല. ആ മാസം മുതലാണ് അന്വേഷണം വീണ്ടും സജീവമായത്. കോര്പറേഷന് ഉദ്യോഗസ്ഥരുടെ ലോഗിന്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ജൂണ്‍ 18നാണ് കൃത്രിമം കണ്ടെത്തിയത്. പത്ത് കെട്ടിടങ്ങളിലായി 22 നമ്പറുകള്‍ കൃത്രിമമായി നല്‍കിയെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏഴുപേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. കെട്ടിട ഉടമകളും കോര്പറേഷന് മുന്‍ ഉദ്യോഗസ്ഥരും മറ്റും സംഭവത്തിന് പിന്നിലുള്ളതായി കണ്ടെത്തിയിരുന്നു. സഞ്ചയ സോഫ്റ്റ് വെയര്‍ ആണ് കോര്‍പറേഷനില്‍ ഉപയോഗിക്കുന്നത്. ഇതിലെ പിഴവ് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ക്രമക്കേടുകളുടെ വ്യാപ്തി അറിയാന്‍ കോര്പറേഷന് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുന്നുണ്ട്. അത് അവസാനഘട്ടത്തിലാണ്.