കോഴിക്കോട്: കെട്ടിടനമ്പര്‍ കേസ് കോര്‍പറേഷന്‍ ഭരണനേതൃത്വം ഇടപെട്ട് അട്ടിമറിക്കുകയാണെന്ന് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ഭരണകക്ഷിക്കാര്‍ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്യുന്നത്. പാസ് വേഡ് കൃത്രിമം വഴി കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവം ജൂണ്‍ 18നാണ് പുറത്തുവരുന്നത്. ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും ദുരൂഹമാണ്. പകരം നിയമിച്ച ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുത്തിട്ടുമില്ല. സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും ഒത്തുകളിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നിലച്ചത്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയതായി യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളായ കെ.സി ശോഭിതയും കെ. മൊയ്തീന്‍കോയയും പറഞ്ഞു.
കെട്ടിടമാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന കോര്‍പറേഷന്‍ ഭരണാധികാരികളുടെ നയത്തില്‍ പ്രതിഷേധിച്ച് 17ന് രാവിലെ പത്തിന് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കോര്‍പറേഷനിലെ മുഴുവന്‍ വാര്‍ഡുകളിലും യു.ഡി.എഫ് പ്രചാരണപരിപാടികളും ഉപവാസവും സംഘടിപ്പിക്കും.