അടിമാലി: വിവാഹ ഓട്ടത്തിനെത്തിച്ച കെഎസ്ആര്‍ടിസി ബസ് ബോര്‍ഡ് മാറ്റി അലങ്കരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബസോടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍.എം.റഷീദിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തിനാലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.
സുഹൃത്തിന്റെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതില്‍ തന്റെ ശ്രദ്ധക്കുറവുണ്ടായെന്നുമായിരുന്നു ഡ്രൈവറുടെ വിശദീകരണം.ഇന്നലെ രാവിലെ അടിമാലിയിലാണു സംഭവം. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടിമാലി ഇരുമ്പുപാലത്തെ വധൂഗൃഹത്തിലേക്കെത്തിയ കോതമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് വാഴയും തെങ്ങോലയും ഇലകളും വച്ച് അലങ്കരിച്ചത്. എന്നാല്‍, ഇരുമ്പുപാലത്ത് എത്തിയപ്പോള്‍ നിയമലംഘനത്തിന് കേസെടുത്തേക്കുമെന്നു ബോധ്യപ്പെട്ടതോടെ അലങ്കാരം നിമിഷങ്ങള്‍ക്കുള്ളില്‍ നീക്കംചെയ്ത് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി ബസുമായി ജീവനക്കാര്‍ കടന്നുകളഞ്ഞു.
ദിലീപ് ചിത്രമായ ‘പറക്കുംതളിക’യിലെ പ്രധാന കഥാപാത്രമാണ് താമരാക്ഷന്‍ പിള്ള ബസ്. ഇന്നലെ കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ആ ബോര്‍ഡ് മറയ്ക്കുംവിധം താമരാക്ഷന്‍ പിള്ള എന്ന സ്റ്റിക്കര്‍ ഒട്ടിച്ചാണു വിവാഹസംഘം ബസ് അലങ്കരിച്ചത്. ഫുട്ബോള്‍ ടീമുകളുടെ പതാകകളും ബസില്‍ കെട്ടിയിരുന്നു.