തിരുവനന്തപുരം; കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനകളില്‍ ഒന്നായ ടിഡിഎഫ് ഒക്ടോബര്‍ 1 മുതല്‍ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആര്‍ടിസി ബദല്‍ മാര്‍ഗമെന്ന നിലയില്‍ പുറത്തു നിന്നുള്ള ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലിസ്റ്റ് കെഎസ്ആര്‍ടിസി തയ്യാറാക്കുന്നു. ഇതിനായി നിലവില്‍ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിനായി താല്‍പര്യമുള്ള കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം എത്രയും വേഗം തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സിഎംഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് 715 രൂപ എന്ന നിലയില്‍ ദിവസ വേതന വ്യവസ്ഥയിലും, നിലവില്‍ പ്രഖ്യാപിച്ച സമര കാലയളവില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്ന പൊതു താത്പര്യാര്‍ത്ഥവുമാണ് ബദല്‍ മാര്‍ഗമെന്ന നിലയില്‍ ഇത്തരക്കാരെ നിയോഗിക്കുന്നത്.
വരും ദിവസങ്ങളില്‍ പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സര്‍വിസ് നടത്തുവാന്‍ കെഎസ്ആര്‍ടിസി ഇത്തരത്തില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും ജീവനക്കാരേയും ബസുകളേയും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനുമായി പോലീസ്, ജില്ലാ ഭരണകൂടങ്ങളുടെ എന്നിവരുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.