കോഴിക്കോട്: കൂളിമാട് പാലം നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബീമുകള്‍ മാറ്റാന്‍ ശ്രമം തുടങ്ങി. ഇതിനായി ക്രെയിനുകള്‍ എത്തി. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരുടെ അനുമതി ലഭിച്ചശേഷം ജോലി തുടങ്ങാനാണ് തീരുമാനം. ബീമുകള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മാറ്റുന്നതിനാണ് ആലോചിക്കുന്നത്. ബീമുകളില്‍ രണ്ടെണ്ണം പാലത്തിന്റെ തൂണുകളില്‍ ചരിഞ്ഞുനില്‍ക്കുകയാണ്. ഒന്ന് പുഴയിലുമാണുള്ളത്. പുഴയിലെ ബീം ആയിരിക്കും ആദ്യം മാറ്റുക. ബീം വീണത് കാരണം തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അതേസമയം, പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രം മതി പ്രവൃത്തി പുനരാരംഭിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജോലി താമസിയാതെ തുടങ്ങാമെന്ന യു.എല്‍.സി.സിയുടെ നിര്‍ദേശം മന്ത്രി തള്ളി.
ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീം ഉറപ്പിക്കുമ്പോള്‍ ഉണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്ന് യു.എല്‍.സി.സി വ്യക്തമാക്കിയിരുന്നു. രണ്ട് ജാക്കി ഉപയോഗിച്ചാണ് പ്രവൃത്തി നടന്നിരുന്നത്. ഇതില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായി. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തുന്ന അന്വേഷണം സംബന്ധിച്ചും വിവാദം നിലനില്‍ക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ പിഴവ് അതേ വകുപ്പ് തന്നെ അന്വേഷിക്കുന്നതില്‍ കഴമ്പില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എന്‍.ഐ.ടി പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് എന്‍.ഐ.ടിയെ സമീപിച്ചതായാണ് വിവരം. എന്നാല്‍ ഇത്തരത്തിലുള്ള സംഭവം അന്വേഷിക്കാന്‍ തങ്ങളുടെ പക്കല്‍ സംവിധാനമില്ല എന്ന മറുപടിയാണ് എന്‍.ഐ.ടി നല്‍കിയത്.
ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ രണ്ട് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് യു.എല്‍.സി.സി വഹിക്കുമോ എന്ന് വ്യക്തമല്ല. ഏതായാലും പ്രവൃത്തി തുടങ്ങാനുള്ള യു.എല്‍.സി.സിയുടെ തിടുക്കം മന്ത്രി തടഞ്ഞിരിക്കുകയാണ്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികവേളയില്‍ ഉണ്ടായ അപകടം പൊതുമരാമത്ത് വകുപ്പിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ പഴുതടച്ച അന്വേഷണത്തിന് ശേഷം മതി പ്രവൃത്തി തുടങ്ങുന്നത് എന്നാണ് മന്ത്രിയുടെ നിലപാട്.
അപകടം നടക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിജിലന്‍സ് വിഭാഗം ഇതും പരിശോധിക്കുന്നുണ്ട്. കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന് 25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 75 ശതമാനം ജോലിയും പൂര്‍ത്തിയാക്കിയ വേളയിലാണ് അപകടം ഉണ്ടായത്. ജാക്കിയുടെ തകരാര്‍ കൊണ്ടാണ് ബീം തകര്‍ന്നുവീണത് എന്ന കണ്ടെത്തല്‍ വിശ്വസനീയമല്ലെന്ന് ഇ. ശ്രീധരനും വ്യക്തമാക്കിയിരുന്നു.