കോഴിക്കോട്: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് സ്ഥാപിച്ച ജില്ലയിലെ ആദ്യത്തെ പഞ്ചായത്തിനുള്ള ഉപഹാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷില്‍ നിന്ന് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഏറ്റുവാങ്ങി.
നേട്ടം കൈവരിക്കുന്നതിന് പഞ്ചായത്തിനെ സഹായിച്ച കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ഹരിതസേന അംഗങ്ങള്‍, കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ച നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി പ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ എല്ലാവരോടും നന്ദി അറിയിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഹരിതസേന പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഏഴിനാണ് പഞ്ചായത്തില്‍ ഹരിത മിത്രം പദ്ധതിയുടെ ഭാഗമായുള്ള ക്യൂ ആര്‍ കോഡ് പതിക്കല്‍ ആരംഭിച്ചത്. ഹരിത കര്‍മ്മ സേന അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും അടങ്ങിയ 58 പേരാണ് ഇതിന് നേതൃത്വം നല്‍കിയത്. സാങ്കേതിക മേല്‍നോട്ടം വഹിച്ചത് കെല്‍ട്രോണാണ്. 17 ദിവസം കൊണ്ടാണ് പഞ്ചായത്തിലെ 5798 വീടുകളിലും, സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് പതിക്കല്‍ പൂര്‍ത്തിയാക്കിയത്.