കോഴിക്കോട്: പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതി കുത്തിവെപ്പിനെതുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത് ദുരൂഹമായി തുടരുന്നു. കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ കെ.ടി സിന്ധു(45)വാണ് ഇന്നലെ മരിച്ചത്.
26നാണ് സിന്ധുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് റഫര്‍ ചെയ്തതായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പരിശോധനക്ക് വിധേയയാക്കിയ സിന്ധുവിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രിസ്റ്റലൈന്‍ പെനിസിലിന്‍ ഇഞ്ചക്്ഷന്‍ നല്‍കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കുത്തിവെപ്പ് നടത്തിയത്. താമസിയാതെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തലേദിവസവും ഇതേ കുത്തിവെപ്പ് നടത്തിയിരുന്നു. മൂന്ന് ഡോസ് കുത്തിവെച്ചു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആദ്യം ടെസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.
മരുന്ന് മാറി കുത്തിവെച്ചതാണെന്ന് സിന്ധുവിന്റെ ഭര്‍ത്താവ് രഘു ആരോപിച്ചു. മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കുത്തിവെപ്പ് നടത്തിയ നഴ്സിനെതിരെ കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിക്കും. 21ാം വാര്‍ഡിലാണ് സിന്ധുവിനെ പ്രവേശിപ്പിച്ചിരുന്നത്. കുത്തിവെപ്പ് നടത്തിയ നഴ്സ്, മറ്റു രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.
അതേസമയം, കുത്തിവെച്ച മരുന്നിനെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ക്രിസ്റ്റലൈന്‍ പെനിസിലിന്‍ ആണ് കുത്തിവെച്ചതെന്ന് ആശുപത്രി രേഖകളില്‍ കാണുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഇത് ആശുപത്രികളില്‍ വിതരണം ചെയ്യുന്നില്ല. മരുന്ന് പുറത്തുനിന്ന് വാങ്ങിയതുമല്ല. വിവേക് ഫാര്‍കെം എന്ന കമ്പനിയുടെ ബെന്‍സൈല്‍ പെനിസിലിന്‍ ആണ് കുറച്ചുകാലമായി കുത്തിവെക്കുന്നത്. അപ്പോള്‍ ക്രിസ്റ്റലൈന്‍ പെനിസിലിന്‍ എങ്ങനെ കുത്തിവെച്ചു എന്ന ചോദ്യം അവശേഷിക്കുകയാണ്. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്നാണ് അറിയുന്നത്.
പരേതനായ തങ്കപ്പന്റെയും സരോജിനിയുടെയും മകളാണ് സിന്ധു. മക്കള്‍: ദേവിക, രാഹുല്‍. മരുമകന്‍: അഖില്‍.