Friday, June 27, 2025

കുതിരവട്ടം: സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

Must Read

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് സസ്പെന്‍ഷന്‍. ഡോ. കെ.സി രമേശനെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്. വിരമിക്കാന്‍ ഒന്നരമാസം മാത്രം ബാക്കിയിരിക്കെ സൂപ്രണ്ടിനെ ബലിയാടാക്കുകയാണെന്ന് കെ.ജി.എം.ഒ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനമാചരിക്കുകയാണ്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ഒ.പി ബഹിഷ്‌കരിക്കുകയും ചെയ്തു.
രണ്ടുദിവസം മുമ്പാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള അന്തേവാസി മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സൂപ്രണ്ടിനെതിരെ നടപടി വേണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതേസമയം, ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങളും ചുറ്റുമതിലും പുതുക്കിപണിയണമെന്ന ആവശ്യം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മൗനം പാലിച്ച ആരോഗ്യവകുപ്പ് ഇപ്പോള്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. ഡോ. രമേശനെതിരെയുള്ള നടപടി ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുമെന്നാണ് കെ.ജി.എം.ഒ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തേവാസികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ബംഗാളില്‍ നിന്നുള്ള സ്ത്രീ മരിച്ചിരുന്നു.

അന്നുമുതല്‍ സുരക്ഷാജീവനക്കാരുടെ ദൗര്‍ലഭ്യം ചര്‍ച്ചയാണ്. 20 പേരെയെങ്കിലും നിയമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും നടപ്പായില്ല. രാത്രികാലങ്ങളില്‍ പാറാവു ജോലിക്ക് കൂടുതല്‍ ആളെ വെക്കാനും സാധിച്ചിട്ടില്ല. സുരക്ഷാജോലിക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ നാലുപേര്‍ മാത്രമാണ് ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തിയിരുന്നത്. ആശുപത്രി കോമ്പൗണ്ടിന്റെ ചുറ്റുമതിലിന്റെ ഉയരം കൂട്ടാനുള്ള പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആളുകള്‍ ചാടിപ്പോവുന്നത് സ്ഥിരം സംഭവമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താമസിയാതെ തുടങ്ങുമെന്നാണ് വിശദീകരണം. അതിനിടെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത് സ്ഥാപനത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img