കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സെല്ലില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഒരാളെ പിന്നീട് കണ്ടെത്തി. മലപ്പുറം പൂക്കോട്ടുപാടം സ്വദേശി ഉമ്മകുല്‍സു(47), നടക്കാവ് രാരിച്ചന്‍ റോഡ് സ്വദേശി പൂനാടത്ത് വീട്ടില്‍ ഷംസുദ്ദീന്‍(39) എന്നിവരാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഉമ്മുകുല്‍സുവിനെ മലപ്പുറം കലക്‌ടേറ്റില്‍ നിന്ന് നാടകീയമായി കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവര്‍ അധികൃതര്‍ ഇക്കാര്യം അറിയുന്നത്. ഷംസുദ്ദീന്‍ സെല്ലിന്റെ ചുമര്‍ തുരന്നാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു.
രക്ഷപ്പെട്ട ഉമ്മുകുല്‍സു മലപ്പുറം കലക്ടറേറ്റില്‍ എത്തി കലക്ടര്‍ക്ക് ഒരു പരാതി നല്‍കാനുണ്ടെന്ന് പറയുകയായിരുന്നു. പരാതിക്കാരിയുടെ പ്രകൃതം കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് കുതിരവട്ടത്തുനിന്ന് ചാടിപോന്നതാണെന്ന് വ്യക്തമായത്. ഉടന്‍ വനിതാ സെല്ലില്‍ ഏല്‍പിച്ചു. ഷംസുദ്ദീനെപ്പറ്റി രാത്രി വൈകിയും വിവരമൊന്നും കിട്ടിയിട്ടില്ല. അന്തേവാസികള്‍ സെല്ലില്‍ നിന്ന് ചാടിപ്പോയത് ജീവനക്കാരുടെ അലംഭാവമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സുരക്ഷാ ജോലിക്കായി 20 പേര്‍ വേണ്ടിടത്ത് ഇവിടെ നാലുപേര്‍ മാത്രമേയുള്ളു. വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുമില്ല. മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നവരുടെ എണ്ണം അടുത്തകാലത്ത് വര്‍ധിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി രോഗമുക്തി നേടി സ്ഥലം വിട്ടിരുന്നത്. ആശുപത്രിയിലെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തിരുന്നു. സന്നദ്ധ സംഘടനകളും മറ്റും സഹായങ്ങള്‍ ചെയ്യുക പതിവാണ്. രോഗം ഭേദമായവര്‍ക്കായി പുനരധിവാസകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.