കോഴിക്കോട്: സ്കൂള്‍ തുറക്കുന്നതിന് മുമ്പേ മുഴുവന്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കിയെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. 26,27,28 തിയതികളില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിന് യജ്ഞം നടക്കും. എജൂഗ്രാഡ് എന്ന പേരിലാണ് പരിപാടി. 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള കുട്ടികളുടെ കുത്തിവെപ്പ് ജില്ലയില്‍ നൂറുശതമാനത്തോളം എത്തിയിരുന്നു.
കൊവിഡിന് അയവ് വന്നപ്പോള്‍ കുത്തിവെപ്പ് എടുക്കുന്നതില്‍ അലംഭാവം സംഭവിക്കുകയായിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ജില്ലയില്‍ 12നും 14നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ചെറിയ ശതമാനം മാത്രമെ പതിനായിരം പേര് മാത്രമാണ് ആദ്യ വാക്സിന് എടുത്തത്. 1014 പേര് രണ്ടാം വാക്സിന് എടുത്തു. കോര്‍ബെവാക്സ് എന്ന വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 28 ദിവസത്തെ ഇടവേളയില്‍ രണ്ടു വാക്സിനും എടുക്കാം.
15-18 പ്രായക്കാരില്‍ 1,06,962 പേര് ഒന്നാം ഡോസ് എടുത്തു. എന്നാല്‍ 55,245 പേരാണ് രണ്ടാം ഡോസ് എടുത്തത്. ജില്ലയില്‍ ഇപ്പോഴും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാസ്ക് ഉപയോഗിക്കാനും അകലം പാലിക്കാനുമുള്ള നിര്‍ദേശങ്ങള്‍ തുടരുന്നുണ്ട്. സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യവുമാണ്. അതുകൊണ്ടാണ് പരമാവധി കുട്ടികള്‍ക്ക് വാക്സിന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശ്രമം തുടങ്ങിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് മെമ്പര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പിന് സൗകര്യം ഉണ്ടാവും.