ഷാര്‍ജ: കുരുന്നു വായനയിലൂടെ ഭാവനയുടെ വലിയ ലോകം തുറന്നിട്ട ഷാര്‍ജ കുട്ടികളുടെ വായനോത്സവം അവസാന ദിവസങ്ങളിലേക്ക്.
കുട്ടികളുടെ വായനോത്സവം ഞായറാഴ്ച സമാപിക്കും. വായനയ്‌ക്കൊപ്പം കുട്ടികള്‍ക്ക് വിവിധ തരത്തിലുളള കലാ പരിപാടികള്‍ ഒരുക്കിയാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന 13- മത് വായനോത്സവം പുരോഗമിക്കുന്നത്. വാരാന്ത്യമായതില്‍ കൂടുതല്‍ കുട്ടികള്‍ ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികള്‍ക്കായി നിരവധി വര്‍ക്ക് ഷോപ്പുകളും മറ്റ് കലാപരിപാടികളുമാണ് ഒരുക്കിയിട്ടുളളത്. കുരുന്നുകള്‍ക്ക് കളിക്കാനും ചിരിക്കാനും ഒപ്പം പഠിക്കാനുമുളള സുവര്‍ണാവസരമാണ് വായനോത്സവമൊരുക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍ പറഞ്ഞു. കലാ-കായിക-ശാസ്ത്ര മേഖലകളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുളള നിരവധി പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി അവര്‍ക്ക് ലഭിക്കുകയാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
12 ദിവസം നീണ്ടുനിന്ന വായനോത്സവത്തില്‍ കുട്ടികള്‍ക്കായി ഒരുങ്ങിയത് നിരവധി കലാ ശാസ്ത്ര പ്രവര്‍ത്തനങ്ങളാണ്. ശാസ്ത്രത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഫണ്‍ ക്ലാസ് റൂം. കളിചിരികളിലൂടെ കുട്ടികളിലേക്ക് ശാസ്ത്രകൗതുകള്‍ എത്തിക്കുകയാണ് ഫണ്‍ ക്ലാസ് റൂം.
വെള്ളിയാഴ്ച വൈകീട്ട് 4 മണിക്കാണ് വായനോത്സവത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെ വായനോത്സവത്തിനെത്താം.