കോഴിക്കോട്: കിഡ്നി രോഗികള്‍ക്ക് ആശ്വാസ സഹായവുമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വനം പദ്ധതി. പഞ്ചായത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ കിഡ്നി രോഗികള്‍ക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നത്.
20 കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും, മരുന്നുകളും 5 രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളുമാണ് സൗജന്യമായി വീടുകളിലെത്തിച്ചു നല്‍കുന്നത്. ഇതിനായി കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വകയിരുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷമാരംഭിച്ച പദ്ധതി പ്രകാരം ഡയാലിസിസ് കിറ്റും മരുന്നുമുള്‍പ്പെടെ ആശുപത്രിയില്‍ വന്നു വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. ഇനി ഇവ ഓരോരുത്തരുടെയും വീടുകളിലെത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. മരുന്ന് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി രോഗിക്കും കുടുംബത്തിനും ഏറെ ആശ്വാസമാവുമെന്നും പ്രസിഡന്റ് പറഞ്ഞു.