കാസര്‍കോട്: പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് സുഹൈല്‍ (20) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസന്വേഷണം ശനിയാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ്‌കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മദ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.ഈ കേസില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട്ട് വാടകവീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ് അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33), മീപ്പുഗുരിയിലെ ടി.എസ് മുഹമ്മദ് ജാബിര്‍ (28), എരിയാല്‍ സ്വദേശി അബ്ദുല്‍ സമദ് (40) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
കാമുകനായ അറഫാത്ത് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ അറിവായി.