ജില്ല ചുമതലയുള്ള മന്ത്രി അഹമ്മദ്
ദേവര്‍കോവിലിന്റെ വെളിപ്പെടുത്തല്‍
സൂപ്പി വാണിമേല്‍
കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി ആവിഷ്കരിച്ച 6500 കോടി രൂപ അടങ്കല്‍ വരുന്ന പുതിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തുറമുഖം-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അത് അംഗീകരിക്കുന്ന മുറക്ക് നൂതനമായ ധാരാളം പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജില്‍ അടുത്ത 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന വിധത്തില്‍ ഒരു വിഷന്‍ ഡോക്യുമെന്റ് ആയിട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളളതെന്ന് ജില്ല ചുമതലയുള്ള മന്ത്രി വെളിപ്പെടുത്തി.
മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍കോട് വളരെ പിന്നോക്കാവസ്ഥയിലാണെന്നു കണ്ട് മുന്‍ ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.പി.പ്രഭാകരനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കമ്മീഷനായി നിയമിക്കുകയും അദ്ദേഹം 2012 ല്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.ഡോ.പി.പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടില്‍ 19 മേഖലകളിലായി 11123.07 കോടിരൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.2013-14 സാമ്പത്തികവര്‍ഷം മുതല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജ് എന്ന പേരില്‍ വിവിധ ഫണ്ട് സ്രോതസ്സ് ഉപയോഗിച്ച് ജില്ലയില്‍ നടപ്പിലാക്കിവരുന്നുണ്ട്.
2013-14 വര്‍ഷം മുതല്‍ 2022-23 വര്‍ഷം വരെ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതമായി 776.95 കോടി രൂപ വികസന പാക്കേജിനായി അനുവദിച്ചിട്ടുണ്ട്.ഈ കാലയളവില്‍ 548 പദ്ധതികള്‍ക്ക് ജില്ലയില്‍ അനുമതി ലഭ്യമായതില്‍, 364 പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും 184 പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി വരികയുമാണ്.പാക്കേജില്‍ 761.28 കോടി രൂപയുടെ വിവിധപദ്ധതികളാണ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അനുമതി ലഭ്യമാക്കിയത്.
കേന്ദ്ര ഫണ്ട്, വകുപ്പുതല ഫണ്ട്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ
വഴി നടപ്പിലാക്കിയ പദ്ധതികള്‍ അടക്കം ഏകദേശം 2300 കോടി രൂപയുടെ
പദ്ധതികള്‍ വികസന പാക്കേജില്‍ ഇതുവരെ നടപ്പിലാക്കാനായി-മന്ത്രി പറഞ്ഞു.
വികസന പാക്കേജില്‍ ധൂര് ഗവണ്മെന്റ് ജൂനിയര്‍ ബേസിക്ക് സ്കൂളിന് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി നിര്‍വഹിച്ചു.