കാസര്‍കോട്: ജില്ലയില്‍ പ്രഥമ ലോ-കോളജ് യഥാര്‍ഥ്യമായി. കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ഓഫ് കാമ്പസില്‍ ഈ വര്‍ഷം തന്നെ എല്‍.എല്‍.ബി കോഴ്സുകള്‍ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലാവും പ്രവേശനം . എല്‍.എല്‍.എം കോഴ്സിനു പിന്നാലെയാണ് എല്‍.എല്‍.ബി കോഴ്സിന് കൂടി അനുമതിയായത്.
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജിന് സമീപം കണ്ണൂര്‍ സര്‍വകലാശാലക്ക് അധീനതയിലുള്ള കെട്ടിടത്തിലാണ് സമ്പൂര്‍ണ ലോ- കോളജ് പ്രവര്‍ത്തിക്കുക. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിലവില്‍ ത്രിവത്സര എല്‍.എല്‍.ബി കോഴ്സിന് അവസരമുള്ളത് മഞ്ചേശ്വരത്ത് മാത്രമാണ്. സമ്പൂര്‍ണ നിയമ പഠന കേന്ദ്രമെന്ന ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാര്‍ഥ്യമാകുന്നത്.
കോടികള്‍ ചെലവഴിച്ച് സര്‍വകലാശാല നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തില്‍ അത് ഉപയോഗ പ്രദമാക്കി എല്‍.എല്‍.ബി അടക്കമുള്ള കോഴ്സുകള്‍ക്കുള്ള നിയമ പഠന കേന്ദ്രം ഇവിടെ ആരംഭിക്കണമെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ കെട്ടിടത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 36 ലക്ഷം രൂപ നേരത്തെ അനുവദിക്കുകയും ചെയ്തു. ബാര്‍ കൗണ്‍സില്‍ അംഗീകാരം ആവശ്യമില്ലാത്ത എല്‍.എല്‍.എം കോഴ്സ് അനുവദിച്ചതിന് പിന്നാലെ എല്‍.എല്‍.ബി കോഴ്സിനായി എം.എല്‍.എ ശ്രമം നടത്തി വരികെയാണ് സമ്പൂര്‍ണ നിയമ പഠന കേന്ദ്രമായി മഞ്ചേശ്വരം കാമ്പസ് മാറിയത്.