കോഴിക്കോട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കാവിലുംപാറ ഗ്രാമപഞ്ചായത്തും സംയുക്തമായി ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നു. നവംബര്‍ 13 മുതല്‍ 27 വരെയാണ് പരിപാടി. യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.
നവംബര്‍ 13 ന് നടക്കുന്ന ക്രിക്കറ്റ് മത്സരത്തോടുകൂടി വിവിധ കലാ കായിക വിനോദ മത്സരങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കമാവും. വിപുലമായ പരിപാടികളോടെയാണ് പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങള്‍ കുണ്ടുതോട് യൂ.പി സ്‌കൂളിലും കലാമത്സരങ്ങള്‍ എ.ജെ.ജെ.എം.എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട സ്‌കൂളില്‍ വെച്ചും നടക്കും. പതിനഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.
പരിപാടി ഗ്രാമീണ ഉത്സവമാക്കി മാറ്റാന്‍ മുഴുവന്‍ ആളുകളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് മാസ്റ്റര്‍ പറഞ്ഞു.