കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി മുഴുവന്‍ മനുഷ്യരും മാറുമ്പോള്‍ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒറ്റക്കെട്ടായി അതിനെതിരെ നിലകൊള്ളണമെന്ന ആഹ്വാനവുമായി ദേശീയ കാലാവസ്ഥാ സമ്മേളനം. ദക്ഷിണേഷ്യന്‍ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവില്‍ സഖ്യമായ സപാക്കിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വെള്ളിമാടുകുന്നില്‍ നടന്നുവരുന്ന സമ്മേളനത്തിന്റെ രണ്ടാംദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ-പരിസ്ഥിതി പ്രവര്‍ത്തകരുടെയും കര്‍ഷക പ്രതിനിധികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിലെ വിവിധ സമര- പ്രകൃതി ദുരന്ത മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന് ദുരന്ത പ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കാനുള്ള ഫലവൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കരിമണല്‍ ഖനനം നടന്ന ആലപ്പാടുനിന്നുള്ള കാര്‍ത്തിക് ശശി, തോട്ടപ്പള്ളിയില്‍ നിന്നുള്ള ബി.ഭദ്രന്‍, തീരദേശ ജനങ്ങളുടെ പ്രതിനിധിയായ മാഗ്ലിന്‍ ഫിലോമിന, ഉരുള്‍പ്പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്നുള്ള ബിന്ദു, ശ്രീകുമാര്‍, മലവെള്ളപ്പാച്ചില്‍ അപകടം നടന്ന കൂട്ടിക്കലിലെ ബെന്നി എന്നിവര്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് തമ്പാന്‍ തോമസില്‍ നിന്നും വൃക്ഷത്തെകള്‍ ഏറ്റുവാങ്ങി.
അഡ്വ. തമ്പാന്‍ തോമസ് ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു. തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും ഇല്ലാതാക്കുന്ന ക്രോണി കാപിറ്റലിസം കൂടുതല്‍ പിടിമുറുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടത് വികസനത്തിന്റെ തിളക്കമാണെന്നും ആഗോളതാപനത്തിന്റെ ആക്കം കൂട്ടുന്ന വികസനങ്ങള്‍ക്കെതിരായ അവബോധം ഉയര്‍ന്നുവന്നില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാവുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനം ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും അതിനായി ഭിന്നതകള്‍ മാറ്റിവെച്ച് എല്ലാതരം പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സൗമ്യ ദത്ത ചൂണ്ടിക്കാട്ടി. സി.ആര്‍ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.