തിരുവനന്തപുരം: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20യ്ക്ക് ഒരുങ്ങുകയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം. ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്തെത്തും. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. 28ാം തിയ്യതിയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മറ്റന്നാള്‍ ഏഴരയ്ക്ക് റണ്ണൊഴുകും മൈതാനത്ത് ശക്തന്മാര്‍ കൊമ്പുകോര്‍ക്കും. ഹൈദരാബാദില്‍ നിന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ന് രോഹിത് ശര്‍മ്മയും സംഘവും തിരുവനന്തപുരത്തേക്ക് പറന്നിറങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉശിരന്‍ സ്വീകരണം ടീമിന് ഒരുക്കും. നാളെ വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. മുഴുവന്‍ സമയവും വിശ്രമത്തിലായിരുന്നു ഇന്നലെ പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയ ടീം ഇന്ന് വൈകീട്ട് അഞ്ചിന് പരിശീലനത്തിനെത്തും. ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പുള്ള മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് വീറുറ്റ മത്സരമാണ്.