Thursday, June 19, 2025

കാമ്പസിലെ വെടിവെപ്പ് പരിശീലനം പൊലീസ് മേധാവി ഐയപ്പക്ക് ബി.ജെ.പി എം.എല്‍.എ ബൊപയ്യയുടെ അതേ സ്വരം

Must Read

സൂപ്പി വാണിമേല്‍

മംഗളൂറു: വീരാജ്‌പേട്ട പൊന്നംപേട്ട സായ് ശങ്കര എജുക്കേഷന്‍ കാമ്പസില്‍ നടന്ന വിവാദ വെടിവെപ്പ് പരിശീലനം കുടക് ജില്ല പൊലീസ് സൂപ്രണ്ട് എം.എ.ഐയപ്പക്ക് വെറും ചീള് കേസ്.മുന്‍ നിയമസഭ സ്പീക്കറും ബി.ജെ.പി നേതാവുമായ വീരാജ്‌പേട്ട എം.എല്‍.എ കെ.ജി.ബൊപയ്യ തന്റെ മണ്ഡലത്തില്‍ നടന്ന സംഭവം സംബന്ധിച്ച് പറഞ്ഞതിന്റെ തനിപകര്‍പ്പായി എസ്.പിയുടെ പ്രതികരണം.അതേസമയം കാമ്പസിലെ ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്ത് വിവാദ ക്യാമ്പ് അംഗങ്ങള്‍ ത്രിശൂലമേന്തി അണിനിരന്ന ചിത്രങ്ങള്‍ പുറത്തുവന്നു.ഭരണത്തണലില്‍ കര്‍ണാടകയില്‍ താലിബാന്‍ സംസ്‌കാരം സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എം.എല്‍.എ യു.ടി.ഖാദര്‍ മംഗളൂറുവില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.ആസന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി ബോധപൂര്‍വം നടത്തുന്ന വര്‍ഗ്ഗീയ ധ്രുവീകരണ മാര്‍ഗ്ഗങ്ങളിലൊന്നായി ഇതിനെ കണ്ടാല്‍ മതിയെന്ന് ഡോ.എല്‍.ഹനുമന്തയ്യ എം.പി അഭിപ്രായപ്പെട്ടു.

ഈ മാസം അഞ്ചു മുതല്‍ 11വരെയാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ക്യാമ്പ് നടന്നത്.

*എയര്‍ഗണ്‍ വെടിവെപ്പ് പരിശീലനത്തിന്
അനുമതി വേണ്ട-ബിജെപി എം.എല്‍.എ

മംഗളൂരു:സ്വരക്ഷക്ക് ആയുധപ്രയോഗം ആവശ്യമായ സാഹചര്യത്തിലാണ് പൊന്നംപേട്ട ക്യാമ്പില്‍ വെടിവെപ്പ് പരിശീലനം നല്‍കിയതെന്ന് മുന്‍ നിയമസഭ സ്പീക്കറും ബിജെപി നേതാവുമായ കെ.ജി.ബൊപയ്യ എംഎല്‍എ പറഞ്ഞു.എയര്‍ഗണ്‍ ഉപയോഗിക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല.ക്യാമ്പ് അംഗങ്ങള്‍ക്ക് ത്രിശൂലം വിതരണം ചെയ്തിരുന്നു.ആത്മരക്ഷാര്‍ത്ഥം ത്രിശൂലം ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് മടിക്കേരി എംഎല്‍എ എം.പി.അപ്പാച്ചു രാജന്‍,സുജ കുശലപ്പ എം.എല്‍.സി എന്നിവര്‍ക്കൊപ്പം വിവാദ ക്യാമ്പ് സന്ദര്‍ശിച്ചിരുന്ന അദ്ദേഹം പറഞ്ഞു.പരാതി നല്‍കിയവരെക്കുറിച്ച ചോദ്യങ്ങള്‍ക്ക്’എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.ദേശീയ താല്പര്യങ്ങള്‍ക്ക് എതിരായ അവരെ നിരോധിക്കണം’എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

*എയര്‍ ഗണ്‍ ഉപയോഗിക്കാന്‍
അനുമതി വേണ്ട-എസ്.പി
മംഗളൂരു:വീരാജ്‌പേട്ട പൊന്നംപേട്ട സായ് ശങ്കര കാമ്പസില്‍ ആയുധ പരിശീലനം നടന്നിട്ടില്ലെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് എം.എ.ഐയപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വിശ്വഹിന്ദു പരിഷത്ത്-ബജ്‌റംഗ്ദള്‍ വാര്‍ഷിക ക്യാമ്പാണ് സംഘടിപ്പിച്ചത്.ക്യാമ്പ് നടന്ന സ്ഥാപന അധികൃതരുടെ മുന്‍കൂര്‍ അനുമതി അവര്‍ വാങ്ങിയിരുന്നു.എയര്‍ഗണ്‍ ഉപയോഗിച്ച് പരിശീലനം സംഘടിപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണ് പൊലീസ് അറിഞ്ഞത്.ആയുധ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഏതൊരു വ്യക്തിക്കും എയര്‍ ഗണ്‍ വാങ്ങാനും ഉപയോഗിക്കാനും പ്രത്യേക അനുമതി ആവശ്യമില്ല-എസ്.പി പറഞ്ഞു.സംഭവം സംബന്ധിച്ച് ഇതുവരെ പരാതികള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെക്കുറിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

*ബിജെപി കര്‍ണാടകയില്‍ താലിബാന്‍
സംസ്‌കാരം സ്ഥാപിക്കുന്നു-ഖാദര്‍

മംഗളൂരു:ഭരണത്തണലില്‍ കര്‍ണാടകയില്‍ താലിബാന്‍ സംസ്‌കാരം സ്ഥാപിക്കാന്‍ ബിജെപി നടത്തുന്ന ശ്രമത്തിന്റെ തെളിവാണ് പൊന്നംപേട്ട ക്യാമ്പിലെ വെടിവെപ്പ് പരിശീലനം എന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് യു.ടി.ഖാദര്‍ ആരോപിച്ചു.വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മംഗളൂരു എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹം.
ആത്മരക്ഷാര്‍ത്ഥം എന്നാണ് പൊന്നംപേട്ട ക്യാമ്പിലെ ആയുധപരിശീലനത്തിന് ബിജെപി നേതാക്കള്‍ പറയുന്ന ന്യായീകരണം.കോണ്‍ഗ്രസിന്റെ സേവാദളോ മറ്റു സംഘടനകളോ ഇതുപോലെ നടത്തിയാല്‍ എന്താവും കഥ..ഈ സര്‍ക്കാര്‍ പുതുതായി പി.യു കോളജോ പ്രാഥമിക വിദ്യാലയം പോലുമോ തുടങ്ങിയിട്ടില്ല.അതിനോ കുട്ടികള്‍ക്ക് പുസ്തകവും പേനയും എത്തിക്കാനോ കഴിയാത്തവരാണ് കാമ്പസുകള്‍ കലാപ പരിശീലന കേന്ദ്രമാക്കുന്നതെന്ന് ഖാദര്‍ പറഞ്ഞു.

*ഇതര സംസ്ഥാനങ്ങളിലെ പരീക്ഷണം
ഇവിടേക്കും-ഡോ.ഹനുമന്തയ്യ എംപി

മംഗളൂരു:പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച ത്രിശൂലമേന്തല്‍ സംസ്‌കാരം കര്‍ണാടകയിലേക്കും പടര്‍ത്തുന്ന അങ്ങേയറ്റം അപകടകരമായ വര്‍ഗ്ഗീയ ധ്രുവീകരണ ഫാസിസമാണ് വീരാജ്‌പേട്ട ക്യാമ്പ് നല്‍കുന്ന സൂചനയെന്ന് രാജ്യസഭ അംഗം ഡോ.എല്‍.ഹനുമന്തയ്യ അഭിപ്രായപ്പെട്ടു.ആസന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണിത്.എന്നാല്‍ ഈ വിഡ്ഢിത്തങ്ങള്‍ ജനം തള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img