കോഴിക്കോട്: കല്ലായിപ്പുഴയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുന്നു. ഇന്നലെ നിരവധി കടകളും താല്‍ക്കാലിക കെട്ടിടങ്ങളും പൊളിച്ചുമാറ്റി. ആകെയുള്ള 95 കയ്യേറ്റങ്ങളില്‍ േേസ്റ്റയില്ലാത്ത 35 എണ്ണമാണ് ഒഴിപ്പിക്കുന്നത്. കസബ വില്ലേജിലെ പത്ത് സ്ഥലങ്ങളിലും വളയനാട് വില്ലേജിലെ അഞ്ചു നിര്‍മിതികളും നഗരം വില്ലേജിലെ രണ്ടു നിര്‍മിതികളുമാണ് ഇന്നലെ ഒഴിപ്പിച്ചത്. കല്ലായിപ്പുഴയോരത്തെ 23 ഏക്കര്‍ സ്ഥലം കയ്യേറിയതായി കണ്ടെത്തിയിരുന്നു. കല്ലായിപ്പുഴ സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം നൂറോളം സ്ഥലത്ത് ജെണ്ട കെട്ടി തിരിക്കുകയുമുണ്ടായി. എന്നാല്‍ വ്യാപാരികളുടെ പ്രതിഷേധം കാരണം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കയ്യേറ്റം ഒഴിപ്പിക്കണമെന്ന വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് 25ന് മുമ്പ് ഒഴിപ്പിക്കാന്‍ കോടതി വിധിച്ചത്. സ്റ്റേയില്ലാത്ത നാലുപേര്‍ നേരത്തെ തന്നെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സന്നദ്ധരായിരുന്നു. കല്ലായി പാതാറിലെ അബൂബക്കറിന്റെ ചായക്കട പൊളിക്കുന്നതിന് മുമ്പ് സാധനങ്ങള്‍ മാറ്റാന്‍ സാവകാശം നല്‍കിയില്ലെന്ന് പരാതിയുണ്ടായിരുന്നു.
അതേസമയം, ചെറിയ കയ്യേറ്റക്കാരെ മാത്രമാണ് ഒഴിപ്പിക്കുന്നതെന്നും വന്‍തോതില്‍ കയ്യേറ്റം നടത്തിയവരെ തൊടാന്‍ കോര്‍പറേഷനും ജില്ലാഭരണകൂടവും മടിക്കുകയാണെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു.