സൂപ്പി വാണിമേല്‍
മംഗളൂരു:ലുലു രാജ്യാന്തര ഗ്രൂപ്പ് കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപം നടത്തും.സ്വിറ്റ്സര്‍ലാന്റിലെ ഡവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ല്യു.ഇ.എഫ്) ലുലു ഗ്രൂപ്പ് ചെയര്മാന് ഡോ.എം.എ.യൂസുഫലി ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു.
ലുലു കര്‍ണാടകയില്‍ നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കും.
കയറ്റുമതി ലക്ഷ്യമിട്ട് ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കാനും പ്രമുഖ കമ്പനികളും തമ്മില്‍ ധാരണയായി.മൈസൂറുവിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സി.എഫ്.ആര്.ഐ), കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആര്.ഐ)എന്നിവയുടെ ഗവേഷണ ഫലങ്ങളാണ് ഈ മേഖലയില്‍ പ്രധാനമായി ഉപയോഗിക്കുക.സി.പി.സി.ആര്.ഐ വികസിപ്പിച്ച കേരാധിഷ്ഠിത ഭക്ഷ്യവിഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഏറെ പ്രിയമുള്ളതാണ്.ഏറ്റവും പുതിയ ഇനമായ ഇന്‍സ്റ്റന്റ് ഇഡ്ഡലി ഉള്‍പ്പെടെ കണ്ടുപിടുത്തങ്ങള്‍ സി.എഫ്.ആര്.ഐയുടേതും ഉണ്ട്.

ജുബിലന്റ് ഗ്രൂപ്പ്, ഹിറ്റാച്ചി,ഹിറോ മോട്ടോര്‍ കോര്പറേഷന്,സീമെന്‍സ്,നെസ്റ്റ്ള് തുടങ്ങിയ കമ്പനികളുടെ മേധാവികളുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തി.
ജുബിലന്റ് ഫുഡ് വര്‍ക്സ് ദേവനഹള്ളിയില്‍ 10ഏക്കറിലാണ് ഫാക്ടറി സ്ഥാപിക്കുക.ഈ കമ്പനിയുമായി ബന്ധപ്പെട്ട് 9000 പേര് നിലവില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഹിറ്റാച്ചി ഡൊഡ്ഡബല്ലപ്പൂരിലാണ് പുതിയ ഫാക്ടറി തുടങ്ങുക.സീമന്‍സിന്റെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനം അടുത്ത സെപ്റ്റംബറില്‍ ബൊമ്മസാന്ദ്രയില്‍ നടത്താന്‍ ധാരണയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.തുടര്‍ന്ന് തുമകൂറു,ഹുബ്ബള്ളി-ധാര്‍വാഡ്,മൈസൂറു എന്നിവിടങ്ങളിലും സ്ഥാപിക്കും.
വ്യവസായ മന്ത്രി മുരുഗേഷ് നിറണി, വാണിജ്യ-വ്യവസായ അഡീ.ചീഫ് സെക്രട്ടറി ഇ.വി.രാമണ്ണ റെഡ്ഡി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.മഞ്ചുനാഥ് പ്രസാദ്, വ്യവസായ കമ്മീഷണര്‍ ഗുഞ്ചല്‍ കൃഷ്ണ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.