കാസര്‍കോട്:ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് ശക്തമായ നടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ഓണ്‍ലൈനില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാനാണ് കര്‍ശന നടപടി തുടരുന്നത്. പരിശോധന ഊര്‍ജിതമാക്കാന്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.മൊത്തവ്യാപാരികള്‍ ജയ അരി പൂഴ്ത്തി വെക്കുന്നതായി സംസ്ഥാന തലത്തില്‍ പരാതിയുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടി ജില്ലയില്‍ പരിശോധന ശക്തമാക്കുന്നതിന് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.. സിവില്‍ സപ്ലൈസ്, റവന്യൂ, പോലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുക. വിപണിയില്‍ നിശ്ചിത വിലക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ഇതിനകം രൂപീകരിച്ച സ്‌ക്വാഡ് പരിശോധന വിപുലപ്പെടുത്തും. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.