കോഴിക്കോട് : സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെയും ഡയറക്ടറേറ്റിന്റെയും കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കുമെതിരെ സൂചനാ സമരം. പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈസ്റ്റ്ഹില്‍ പ്രീ എക്സാമിനേഷന്‍ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ലഭ്യമാക്കുക, നിലച്ചുപോയ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പുന:രാരംഭിക്കുക, ശുചി മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരിശീലന കേന്ദ്രത്തിനുമുന്നില്‍ സൂചനാ സമരം നടത്തിയത്. പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു.
പട്ടിക വിഭാഗത്തിലെ തൊഴില്‍രഹിതരായ യുവതീ-യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നതിനും മത്സര പരീക്ഷകളില്‍ ഉന്നതവിജയം കണ്ടെത്തുന്നതിനും വേണ്ടി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രീഎക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ നടത്തിവരുന്ന വിവിധ കോഴ്സുകളില്‍ പ്രധാനപ്പെട്ട 2 വര്‍ഷത്തെ സ്റ്റെനോഗ്രാഫി കോഴ്സ് തുടങ്ങി ഒരു വര്‍ഷം പിന്നിട്ടും പ്രാക്ടിക്കല്‍ പരിശീലനത്തിന് കമ്പ്യൂട്ടര്‍ ഇല്ലാതെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വഴി മുട്ടിയിരിക്കുകയാണ്. പരീക്ഷയ്ക്ക് എഴുതേണ്ട ആറ് പേപ്പറികളില്‍ ഒന്നായ കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് എഴുതാന്‍ കമ്പ്യൂട്ടറിലെ പരിശീലനം അനിവാര്യമായിരിക്കേ പരിശീലന കേന്ദ്രം വഴി അധികൃതര്‍ ഡയറക്ടറേറ്റിന് നിരവധി തവണ അറിയിപ്പുകളും കത്തുകളും അയച്ചുവെങ്കിലും നാളിതുവരെ പ്രശ്നപരിഹാരമായിട്ടില്ല.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കുട്ടികളുടെ ഭാവിയോര്‍ത്ത് ആശങ്കയിലാണ്. കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന പ്രഖ്യാപനമല്ലാതെ അധികൃതര്‍ യാതൊരു നടപടികളും കൈകൊള്ളുന്നില്ല.
ഡിസംബറില്‍ ആരംഭിക്കുന്ന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി കമ്പ്യൂട്ടര്‍ ലാബിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചില്ലെങ്കില്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച അനിശ്ചിതകാല പ്രക്ഷോഭം പരിപാടികള്‍ ആരംഭിക്കുമെന്ന് ഉദ്ഘാടനം ചെയ്ത സതീഷ് പാറന്നൂര്‍ പറഞ്ഞു.
യോഗത്തില്‍ പി.ഇ.ആര്‍. സി വിദ്യാര്‍ത്ഥി സമരസമിതി ജനറല്‍ കണ്‍വീനര്‍ അക്ഷര അധ്യക്ഷത വഹിച്ചു. ശ്രീമോള്‍ സി.കെ. രേതുല്‍, അനഘ, കെ. ദേവയാനി, പി. സിദ്ധാര്‍ത്ഥന്‍, ഉണ്ണികൃഷ്ണന്‍ പൊറ്റപ്പടി, രമേശന്‍ രാമനാട്ടുകര തുടങ്ങിയവര്‍ സംസാരിച്ചു