തിരുവനന്തപുരം: തന്റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി ജി പി അനില്‍കാന്ത് ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ്.മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലാണ് അന്വേഷിക്കുക. അതേസമയം, വിവാദ കത്തിനെക്കുറിച്ച് സി പി എമ്മും അന്വേഷണം നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ നേതൃയോഗത്തില്‍ ധാരണയായി.
കത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം അത് ഡി ജി പിക്ക് കൈമാറുകയായിരുന്നു. തന്റെ പേരില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന കത്ത് താനറിയാതെ തയ്യാറാക്കി ഒപ്പിട്ടതാണെന്നും, തന്നെ മന:പൂര്‍വ്വം ലക്ഷ്യം വയ്ക്കുന്ന ചില കോണുകളില്‍ നിന്നുള്ള പ്രചരണമാണോയിതെന്ന് സംശയമുണ്ടെന്നുമാണ് മേയറുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍, കത്ത് വ്യാജമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടരി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.