തിരുവനന്തപുരം: നിയമനമാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താന്‍ എഴുതിയതാണ് എന്ന് സമ്മതിച്ച് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനില്‍. പുറത്ത് വന്നത് താന്‍ എസ്.എ.ടി. വിഷയത്തില്‍ എഴുതിയ കത്താണ്.
‘പാര്‍ലമെന്റ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടി, ഒരു സഹായം കിട്ടുമോ എന്നറിയാന്‍ വേണ്ടിയിട്ടാണ് ചെയ്തത്. എന്നാല്‍ കത്ത് എഴുതിയപ്പോള്‍ തന്നെ അത് ശരിയല്ല എന്ന് എനിക്ക് തോന്നിയതാണ്. കത്ത് കൊടുത്തില്ല’ അനില്‍ പറഞ്ഞു.
ഇത് പിന്‍വാതില്‍ നിയമനത്തിനല്ല, പത്രത്തില്‍ കൊടുക്കും, നല്ല പാനല്‍ വെച്ചു കൊണ്ട് അഭിമുഖം നടത്തും. സ്വതന്ത്ര ഏജന്‍സിയായ കുടുംബശ്രീക്ക് സഹായം കൊടുക്കണം എന്ന നിലയിലാണ് കത്തെഴുതിയതെന്നും അനില്‍ പറഞ്ഞു. എസ്.എ.ടി. ആശുപത്രി സംബന്ധിച്ച് അവിടെ വലിയ ദുരിതാവസ്ഥയിലാണ്. അത് അടിയന്തരമായി തുറക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടിയിട്ടുള്ള ഒരു പ്രയത്നമാണ്.
മേയര്‍ എഴുതിയ കത്തിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അതിന്റെ നിജസ്ഥിതി വരുമ്പോള്‍ കാണാം. മുഖ്യമന്ത്രിയോട് മേയര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒഴിവിലേക്ക് ആളെ എടുത്തിട്ടില്ല.ഞാന്‍ എഴുതിയ കത്ത് പ്രചരിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷിക്കും. കേരളത്തിലെ പോലീസിനെക്കുറിച്ച് നല്ല വിശ്വാസമാണ്. ആഭ്യന്തരവകുപ്പ് അതിനെക്കുറിച്ച് അന്വേഷിക്കും. അദ്ദേഹം പറഞ്ഞു.