Monday, August 18, 2025

ഓര്‍മകളില്‍ പുലിജന്മത്തിന്റെ മുരള്‍ച്ച

Must Read

എന്‍. പ്രഭാകരന്‍

‘പുലിജന്മം’ നന്നേ ചെറിയ ഒരു നാടകമാണെങ്കിലും പല ഘട്ടങ്ങളിലൂടെയാണ് അത് പാകപ്പെട്ടു വന്നത്.മത്സരവേദിയിലെത്തും മുമ്പുള്ള നാടകത്തിന്റെ ആദ്യരൂപത്തില്‍ നാരായണന്‍കുട്ടി എന്ന സുഹൃത്താണ് കാരിഗുരിക്കളായി അഭിനയിച്ചത്.അന്ന് നാരായണന്‍കുട്ടി വെങ്ങര ചൈനാക്ലേ കമ്പനിയിലെ ജോലിക്കാരനായിരുന്നു. മാടായിപ്പാറയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള ചെരിവില്‍ കമ്പനി നടത്തിയ ഖനനം വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കിയപ്പോള്‍ വെങ്ങര,മുട്ടം,മാടായിഭാഗത്തെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.മേധാപട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആ ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനെത്തി.
പൂട്ടുന്നതിനു മുമ്പ് പലപ്പോഴായി കമ്പനി ഖനനത്തിന്റെ തോത് കുറച്ചു.തൊഴിലാളികളുടെ എണ്ണത്തില്‍ കുറവു വരുത്തി.നാരായണന്‍ കുട്ടി ചൈനാക്ലേ വിട്ട് നേരത്തേ തന്നെ പല വെങ്ങരക്കാരും വ്യാപാരവും മറ്റുജോലികളുമായി കഴിയുന്ന മഹാരാഷ്ട്രയിലെ ഇച്ചില്‍ക്കരഞ്ചിയിലേക്കു പോയി.( ഈ തുണിമില്‍ നഗരത്തിലും ഞങ്ങള്‍ പുലിജന്മം അവതരിപ്പിച്ചിരുന്നു.)

നാരായണന്‍ കുട്ടി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മരിച്ചുപോയെന്ന വിവരം പുലിജന്മത്തിന്റെ ആദ്യസംവിധായകനായ കെ.പി.ഗോപാലന്‍ വിളിച്ചറിയിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി.നല്ല ആത്മാര്‍ത്ഥതയുള്ള നടനായിരുന്നു നാരായണന്‍ കുട്ടി.യാതൊരു നാട്യവുമില്ലാത്ത ഒന്നാന്തരം മനുഷ്യന്‍.അഭിനയശേഷിയും മികച്ചതു തന്നെ.പുലിജന്മം വേദിയില്‍ വിജയിക്കുമെന്ന തോന്നല്‍ ഞങ്ങളില്‍ ഉണ്ടാക്കിയതില്‍ നാരായണന്‍കുട്ടിയുടെ പങ്ക് വളരെ വലുതാണ്.വര്‍ഷങ്ങളെത്രയോ ആയി കണ്ടിട്ട്.ഈ സുഹൃത്തിന്റെ ഓര്‍മയ്ക്കു മുന്നില്‍ ഞാന്‍ കൂപ്പുകൈയോടെ തലകുനിക്കുന്നു.

എന്റെ സമപ്രായക്കാരും നാട്ടുകാരുമായ സുഹൃത്തുക്കളില്‍ പലരും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓര്‍മയായി.പി.കെ കൃഷ്ണന്‍ അവരിലൊരാളാണ്.പഴയങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും ഒരുപാട് കുട്ടികളെ ഡാന്‍സ് പഠിപ്പിച്ച ഡാന്‍സര്‍ കൃഷ്ണന്‍ മാസ്റ്റര്‍.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നന്നായി ചിത്രം വരക്കുമായിരുന്ന കൃഷ്ണന്‍ ഭേദപ്പെട്ട വായനക്കാരന്‍ കൂടിയായിരുന്നു.വൈകുന്നേരം സ്‌കൂള്‍ വിട്ടെത്തിയാല്‍ വെങ്ങര കസ്തൂര്‍ബാ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള ഓടിപ്പിടിച്ചുള്ള യാത്രയില്‍ ചിലപ്പോഴൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു കൃഷ്ണന്‍.ഒഴിവു ദിവസങ്ങളില്‍ കൃഷ്ണന്റെ വീട്ടിലിരുന്ന് എന്തെല്ലാം കഥകളാണ് ഞങ്ങള്‍ പറഞ്ഞു കൂട്ടിയിരുന്നത്. കുറേക്കൂടി മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ലോകങ്ങളിലായി.വല്ലപ്പോഴും എരിപുരത്തോ പഴയങ്ങാടിയിലോ വെച്ചു കണ്ടുമുട്ടുമ്പോള്‍ ഒരു ചിരിയിലും രണ്ടോ മൂന്നോ വാക്കിലുള്ള ലോഹ്യം പറച്ചിലിലും ഞങ്ങളുടെ ബന്ധം ഒതുങ്ങി.കഴിഞ്ഞ മാസമാണ് കൃഷ്ണന്‍ പോയത്.ഒന്നും പറയാനാവാത്തതുകൊണ്ടു മാത്രം ഇതേ വരെ ഞാന്‍ മൗനം പാലിച്ചു.ഇപ്പോഴും കൃഷ്ണനെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ എനിക്കാവില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img