ന്യൂഡല്‍ഹി: ഹിമാചലില്‍ കേവലഭൂരിപക്ഷം നേടിയെങ്കിലും താമരപ്പേടിയിലാണ് കോണ്‍ഗ്രസ്. തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പി റാഞ്ചുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. സീറ്റുകളുടെ എണ്ണത്തില്‍ ഭൂരിപക്ഷമില്ലെങ്കിലും ഹിമാചല്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എം.എല്‍.എമാരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
എം.എല്‍.എമാരെ ഹിമാചല്‍പ്രദേശില്‍ നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസും തുടക്കം കുറിച്ചിട്ടുണ്ട്. രാജസ്ഥാനിലേക്ക് എം.എല്‍.എമാരെ ബസില്‍ കൊണ്ടു പോകുന്നതിനുള്ള നീക്കമാണ് കോണ്‍ഗ്രസ് ആരംഭിച്ചത്. ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ സംസ്ഥാനങ്ങളിലടക്കം എംഎല്‍എമാര്‍ ബിജെപിലേക്ക് ചേക്കേറിയ അനുഭവത്തില്‍ കോണ്‍ഗ്രസിനിത് നിലനില്‍പ്പിന്റെകൂടി പ്രശ്‌നമാണ്.
വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് വിമതന് ആശിഷ് ശര്‍മ്മ, സ്വതന്ത്രന്മാരായ കെ എല്‍ താക്കൂര്‍്, ഹോഷിയാര്‍ സിംഗ് എന്നിവരെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബിജെപി ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്ട്ട്. മുഴുവന് ഫലവും പൂര്‍ണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോണ്ഗ്രസ് നീക്കം. എംഎല്‍എമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിര്ന്ന നേതാവ് ഭൂപീന്ദര് സിങ് ഹൂഡയും തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. വിജയിക്കുന്നവരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. അതേസമയം, സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വ്യാഴാഴ്ച വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.