കോഴിക്കോട്: കോഴിക്കോടിന്റെ ഫുട്ബോള്‍ ആരാധനയുടെ ഇതിഹാസമായി ഗണിക്കപ്പെട്ട ഓട്ടോ ചന്ദ്രന് അന്തരിച്ചു. ലോകകപ്പിന്റെ ആവേശം ഖത്തറില്‍ നുരഞ്ഞുപൊന്തവേയാണ് ഫുട്ബോളിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ച ചന്ദ്രന്റെ വിയോഗമെന്നത് കായിക പ്രേമികളെ കണ്ണീരണിയിക്കുന്നു. കോര്പറേഷന് സ്റ്റേഡിയത്തില്‍ പ്രാദേശിക മത്സരങ്ങളും ദേശീയ ടൂര്‍ണമെന്റുകളും നടക്കുമ്പോള്‍ കളിക്കാരുടെയും കാണികളുടെയും ഇടയില്‍ കൊമ്പന്മീശ പിരിച്ചുവെച്ച് ചന്ദ്രന് ഉണ്ടാവും. കളിക്കാര്‍ പുറത്തെടുക്കാന്‍ സാധ്യതയുള്ള അടവുകളും തന്ത്രങ്ങളും ചന്ദ്രന് സ്വതസിദ്ധമായ ശൈലിയില്‍ പ്രവചിക്കും.
കോഴിക്കോട്ട് നാഗ്ജി ഫുട്ബോള്‍ ആരംഭിച്ച 1952 മുതല്‍ മൈതാനിയില്‍ ചന്ദ്രന് ഉണ്ട്. കളി കണ്ടും കളി പറഞ്ഞും അദ്ദേഹം സജീവമായിരുന്നു. തോപ്പയില്‍ കടപ്പുറത്തെ ചന്ദ്രന്റെ വീട്ടില്‍ കളിക്കാരും കളിയുടെ ആരാധകരും എത്തുന്നത് പതിവായിരുന്നു. ഫുട്ബോളിന്റെ ചരിത്രം അറിയാനായിരുന്നു അത്തരം സന്ദര്‍ശനങ്ങള്‍.
പാരീസ് ലോകകപ്പിന് പോകാന്‍ ആഗ്രഹിച്ച ആളാണ് ചന്ദ്രന്. അതിനായി പല വാതിലുകളും മുട്ടി. സ്പോണ്‍സര്‍ഷിപ്പിന് ആരെയും കിട്ടിയില്ല. ഒടുവില്‍ ടി.വിയില്‍ കളി കണ്ട് സായൂജ്യമടഞ്ഞു. മെക്സിക്കോ ലോകകപ്പ് മുതല്‍ ചന്ദ്രന് ടി.വിയില്‍ കളി കാണുന്നുണ്ട്. കൂട്ടുകാര്‍ക്കൊപ്പമാണ് കളി കാണുക. അപ്പോള്‍ ഗാലറിയിലെ ആവേശം താനെ വരുമെന്നാണ് ചന്ദ്രന് പറഞ്ഞിരുന്നത്. ബ്രസീലിന് വേണ്ടി വാതുവെക്കുന്നതും പതിവായിരുന്നു.