കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കുകയും അതിന്റെ കരിയര്‍ ആക്കി മാറ്റുകയും ചെയ്ത സംഭവത്തില്‍ ഒമ്പത് പേരെ പൊലീസ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിക്ക് ലഹരിമരുന്ന് നല്‍കിയവരെയാണ് തിരിച്ചറിഞ്ഞത്. പത്ത് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. പത്താമനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി വെളിപ്പെടുത്തിയ പത്ത് പേരില്‍ പുവാട്ടുപറമ്പ് സ്വദേശി സജിത്തിന് മാത്രമാണ് സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളതെന്ന് പൊലീസ് പറഞ്ഞു. സജിത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.മറ്റുള്ളവര്‍ ലഹരി ഉപയോഗിക്കുന്നവരുടെ സംഘത്തില്‍ ഉള്ളവരാണ്.
പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ലഹരിമാഫിയയുടെ ഭാഗമായവര്‍ പെണ്‍കുട്ടിക്ക് സൗജന്യമായാണ് മയക്കുമരുന്ന് നല്‍കിയിരുന്നത്. സജിത്ത് ആയിരുന്നു ഇവ നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും പരാതി നല്‍കിയതിനെതുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ അഞ്ചുമാസമായി പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നില്ല. പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.