കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കരിയര്‍ ആക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പൂവാട്ടുപറമ്പ് അരിപ്പാപ്പുറത്ത് പൊയിലില്‍ സംജിത്്( 19) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സംജിത് പെണ്‍കുട്ടിക്ക് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നല്‍കുകയായിരുന്നു. ഇക്കാര്യം നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയില്‍ സ്ഥിരീകരിച്ചു.
സ്വന്തം ആവശ്യത്തിനായി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിച്ച മയക്കുമരുന്ന് ഇയാള്‍ കുട്ടിക്ക് എത്തിച്ചുനല്‍കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പണമൊന്നും വാങ്ങിയിരുന്നില്ല. മറ്റു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്കിയിരുന്നുവോ എന്ന് വ്യക്തമായിട്ടില്ല. മൂന്നു വര്‍ഷമായി പെണ്‍കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇതുവരെ 20 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംജിതിനെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ച് വിശദമായ പരിശോധനയിലാണ് പൊലീസ്. സ്കൂളിലെ പ്രധാന അധ്യാപകരില്‍ നിന്നും മറ്റും തെളിവുകള്‍ ശേഖരിച്ചിരുന്നു.