കോഴിക്കോട്: എച്ച്ഐവി പരിശോധനയും കൗണ്‍സിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം’ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എച്ച്ഐവി കേവലമൊരു ആരോഗ്യപ്രശ്നം മാത്രമായി കാണാന്‍ സാധിക്കില്ലെന്നും രോഗം മൂലം അനാഥരാകുന്ന കുട്ടികള്‍, വര്‍ധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വികസനപരവും സാമൂഹികവുമായ പ്രശ്നമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതല്‍ സിവില്‍ സ്റ്റേഷന് വരെ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. റാലിയുടെ ഫ്ലാഗ് ഓഫ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ പ്രകാശന് പടന്നയില്‍ നിര്‍വഹിച്ചു.