കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28,29,30 തിയതികളില്‍ കോഴിക്കോട്ട് നടക്കും. അംഗത്വവിതരണം, മണ്ഡലം സമ്മേളനങ്ങള്‍ എന്നിവ അതിനിടിയില്‍ പൂര്‍ത്തിയാക്കും. എ.പി അബ്ദുല്‍വഹാബ് പക്ഷം ഐ.എന്‍.എല്‍ എന്ന പേരില്‍ തന്നെ രംഗത്തുണ്ട്. ഔദ്യോഗികപക്ഷത്തിന്റെ പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആണ്. കാസിം ഇരിക്കൂര്‍ ആണ് ജനറല്‍ സെക്രട്ടറി.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉരുണ്ടുകൂടിയത്. കാസിം വിഭാഗവും വഹാബ് പക്ഷവും ഏറ്റുമുട്ടുകയായിരുന്നു. എറണാകുളത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ തെരുവ് യുദ്ധത്തിലെത്തിയത് വാര്‍ത്തയായിരുന്നു. പിന്നീട് കോഴിക്കോട്ട് നടന്ന സംസ്ഥാന നേതൃയോഗം അനുനയത്തിന്റെ പാതയില്‍ വന്നെങ്കിലും വീണ്ടും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണുണ്ടായത്.
ഐ.എന്‍.എല്‍ ഒരു പാര്‍ട്ടിയായി തുടരണമെന്ന് സി.പി.എം അന്ത്യശാസനം നല്‍കിയിരുന്നുവെങ്കിലും ഔദ്യോഗികപക്ഷത്തെ അംഗീകരിക്കാം എന്ന നിലപാടിലാണ് ഇപ്പോള്‍. അബ്ദുല്‍വഹാബ് പക്ഷം തെറ്റ് ഏറ്റുപറഞ്ഞ് പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്.