തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വന്‍ വിജയം പിണറായി വിജയന്‍ എന്ന കേരളത്തിന്റെ ഏകാധിപതിയുടെ തലക്കേറ്റ പ്രഹരമാണിതെന്ന് കെ കെ രമ എം.എല്‍.എ പ്രതികരിച്ചു. മുഖ്യമന്ത്രിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയില്‍ നേതൃത്വം കൊടുത്തിരുന്നത്. മന്ത്രിമാരും എം.എല്‍.എമാരും ക്യാംപ് ചെയ്ത് പ്രചരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. കെ റെയില്‍ ഉള്‍പ്പെടെയുള്ള വികസനമെന്ന അജണ്ടയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇതല്ല വികസനമെന്നും ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ ജനം അംഗീകരിക്കില്ലെന്നും അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്നും രമ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തൃക്കാക്കരയിലെ സ്ത്രീകള്‍ നല്‍കിയ തിരിച്ചടി കൂടിയായി ഈ തെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നതായും രമ വ്യക്തമാക്കി.